
ദില്ലി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം. ചിലന്തിയാർ ചെക്ക് ഡാം നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതി നടപടി. നിർമാണ നടപടികൾ തടഞ്ഞ ഹരിത ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി, എതിർകക്ഷികൾക്ക് അടക്കം നോട്ടീസും അയച്ചു. വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം ഇക്കഴിഞ്ഞ മാർച്ച് 25 നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി എസ് ജയതിലകായിരുന്നു സംസ്ഥാനത്തിന് വേണ്ടി ട്രിബ്യൂണൽ ഇടപെടലിനെതിരെ ഹർജി നൽകിയത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നടക്കമാണ് കേരളം വാദിച്ചത്. വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ചിലന്തിയാർ ചെക്ക് ഡാമിലൂടെ ഇടുക്കി വട്ടവട പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കലാണ് ലക്ഷ്യമെന്നടക്കം കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജൽ ജീവൻ മിഷന്റെ ഭാഗമായാണ് പദ്ധതിയെന്നും കേരളം വാദിച്ചു. തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ദേശിയ ഹരിത ട്രിബ്യുണൽ സ്റ്റേ ഉത്തരവുമായി ഇടപെട്ടത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ, ആലിം അൻവർ എന്നിവർ ഹാജാരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam