സുപ്രീംകോടതി മുന്നില്‍ വച്ചത് കര്‍ശന വ്യവസ്ഥകള്‍; വിലക്ക് നീങ്ങി, രഹ്ന ഫാത്തിമയ്ക്ക് ഭാഗിക ആശ്വാസം

By Web TeamFirst Published Jan 25, 2023, 2:15 PM IST
Highlights

രഹ്ന ഫാത്തിമയുടെ  ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി തീർപ്പാക്കിയത്. അതേസമയം, ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്.

ദില്ലി: സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി വിലക്ക് നീക്കിയിട്ടുള്ളത്. രഹ്ന ഫാത്തിമയുടെ  ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി തീർപ്പാക്കിയത്. അതേസമയം, ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്.

ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. രഹ്ന പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം താൻ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്ന ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രഹ്നയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി  ജാമ്യം നൽകുകയായിരുന്നു. അൻപതിനായിരം രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം,  കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനയോടെയാണ് ജാമ്യം നൽകിയത്.

എന്നാൽ ഈ വ്യവസ്ഥകൾ പലകുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഈ കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളിൽ കേസ് എടുത്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. മറ്റു നിബന്ധനകൾ പാലിച്ചെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിർദ്ദേശം പല കുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്.

പത്തനംതിട്ടയിൽ എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മറ്റു രണ്ടു കേസുകളിൽ അന്വേഷണം പൂർത്തിയായി വിചാരണ നടപടികളിൽ ആണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു. 

നിക്കര്‍ മാത്രം ധരിച്ച് ടോര്‍ച്ചുമായി കള്ളൻ; വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

click me!