ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

By Web TeamFirst Published Jan 25, 2023, 1:57 PM IST
Highlights

ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ  കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ  കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങൾക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേൽ.

ദിവസങ്ങളായി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടിൽ മൂന്ന് ആനകൾ നിൽക്കുന്നതായി തൊഴിലാളികൾ ഇന്ന് പുലർച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകൾ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേൽ മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി. മൂടൽ മഞ്ഞ് കാരണം ആനകളെ കാണാനാകാതെ മുന്നിൽ ചെന്നുപെട്ടു എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ശക്തിവേൽ തിരിച്ച് എത്താതായപ്പോൾ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ തുടങ്ങി. ഒടുവില്‍ തേയിലക്കാട്ടിനുള്ളിൽ ആനകൾ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ ശക്തിവേലിന്‍റെ മൃതദേഹം കണ്ടെത്തി. വർഷങ്ങളായി കാട്ടാനകളുമായി ഇടപഴകിയിരുന്ന ശക്തിവേലിന്റെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും അവിശ്വസനീയമായി.

Also Read : ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി; നെൽകൃഷി നശിപ്പിച്ചു, തെങ്ങ് മറിച്ചിട്ടു

ഫോറസ്റ്റ് വാച്ചർമാരുടെ ജീവിതത്തെപ്പറ്റി 2021 ഡിസംബറിൽ ആനത്തോഴർ എന്ന പരിപാടി തയാറാക്കിയപ്പോൾ ശക്തിവേൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അനുഗമിച്ചിരുന്നു. ആനയിറങ്ങലിലും ചിന്നകനാലിലും എല്ലാം കാട്ടാനകളോട് ആജ്ഞാപിക്കുന്ന ശക്തിവേലിനെ അന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം സാഹസികമായി പകർത്തിയിരുന്നു.  തുച്ഛമായ വരുമാനമാണ് ലഭിച്ചിരുന്നതെങ്കിലും, കാട്ടുകൊമ്പന്മാരെ തിരിച്ചു കാടുകയറ്റുന്ന ജോലിയെ ശക്തിവേൽ ഏറെ സ്നേഹിച്ചിരുന്നു. ഓരോ ആനയുടെയും അടയാളങ്ങളും സ്വഭാവവും ശക്തിവേലിന് കാണാപ്പാടമായിരുന്നു. ആനകളെ കാണുമ്പോഴല്ല, കാണാതിരിക്കുമ്പോഴാണ് ഭയം തോന്നുന്നത് എന്ന് അന്ന് ശക്തിവേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

click me!