ഇന്നും പരിഗണിച്ചില്ല; ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു

By Web TeamFirst Published Jan 12, 2021, 1:29 PM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്

ദില്ലി: ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചില്ല. കഴിഞ്ഞ എട്ടാം തീയ്യതി പരിഗണിക്കേണ്ടിയിരുന്ന കേസ് കോടതി സമയം കഴിഞ്ഞതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇത് ഇന്ന് വീണ്ടും മാറ്റിവച്ചു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ്. സിബിഐയുടെ അപേക്ഷയിന്മേൽ തന്നെ നാല് തവണ കോടതി കേസ് മാറ്റിവെച്ചു. അതേസമയം ചില രേഖകൾ സമർപ്പിക്കാമെന്ന് കോടതിയെ അറിയിച്ച സിബിഐ ഇതുവരെയും അവ സമർപ്പിച്ചിട്ടുമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് ഇന്ന് പിടി തോമസ് സഭയിൽ വിമർശനം ഉന്നയിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചത്. താനിപ്പോൾ ഈ കേസിൽ പ്രതിയല്ല. തന്റെ പേരിൽ സ്വാഭാവികമായി ഇപ്പോൾ കുറ്റമില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് സുപ്രീം കോടതി മാറ്റിവെക്കുന്നതിൽ തനിക്കെന്ത് ചെയ്യാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ലാവലിൻ കേസ് ഉയർത്തി മുഖ്യമന്ത്രിയെ ആക്രമിക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോഴായിരുന്നു ഈ മറുപടി. നിയമസഭയില്‍. 19 തവണ ലാവലിൻ കേസ് കോടതി മാറ്റിവച്ചെന്നും പിണറായിയെ ബിജെപി സഹായിക്കുകയാണെന്നുമുള്ള പിടി തോമസിന്‍റെ ആരോപണത്തിനായിരുന്നു മറുപടി. ലാവലിന്‍ കേസുമായി നിങ്ങള്‍ കുറേ നടന്നതല്ലേയെന്ന് പിണറായി തിരിച്ചടിച്ചു. കേസിൽ വാദം നടത്താൻ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച  ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. രണ്ട് കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കാതെ അപ്പീൽ നിലനിൽക്കില്ലെന്നും സിബിഐയോട് സുപ്രീംകോടതി പറഞ്ഞിരുന്നു.

2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വ്യക്തമായ രേഖകൾ ഇല്ലാതെ ഹൈക്കോടതി വിധിയിൽ ഇടപെടില്ല എന്ന സൂചന കൂടിയാണ് ആ പരാമര്‍ശത്തിലൂടെ സുപ്രീംകോടതി നൽകിയത്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ നൽകിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.

ഒക്ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികൾ വെറുതെ വിട്ട കേസായതിനാൽ, ഇനി കേസിൽ വാദം കേൾക്കുമ്പോൾ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി പറയുകയും ചെയ്തു. 

click me!