
തിരുവനന്തപുരം: നൂറ്റിയമ്പത് ദിവസത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി തുറക്കാനുളള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇംഗ്ലീഷ് ഇന്ത്യൻ കമ്പനിയുടെ സിഇഒ ചർച്ചയ്ക്കെത്താത്തതാണ് പരാജയപ്പെടാൻ കാരണം. ഒരു തൊഴിലാളി ആത്മഹത്യ ചെയ്തിനെ തുടർന്നാണ് മന്ത്രിതല ചർച്ച നടത്തിയത്.
അംസ്കൃത വസ്തുക്കള്‍ കിട്ടാനില്ലെന്ന കാരണം പറഞ്ഞാണ് കമ്പനി പൂട്ടിയത്. കമ്പനി അടഞ്ഞു കിടന്ന കാലത്ത് തൊഴിലാളികള്‍ക്ക് പകുതി ശമ്പളമെങ്കിലും നൽകണമെന്ന ലേബർ കമ്മീഷണറുടെ നിർദ്ദേശം ഇംഗ്ലീഷ് ഇന്ത്യൻ കമ്പനി തള്ളിയിരുന്നു. ഇതിനിടെ ഫാക്ടറിക്കുള്ള കയറ്റിറക്കു തൊഴിലാളി പ്രഫുൽകുമാർ തൂങ്ങിമരിച്ചു. പ്രഫുല്‍ കുമാര്‍ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞത്. സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഫെയ്സ് ബുക്ക് ലൈവിൽ വന്ന് മാനേജ്‍മെന്‍റിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കമ്പനി തുറക്കുന്ന കാര്യം ചർച്ച ചെയ്യാനായി മന്ത്രിമാരായ ഇപി ജയരാജനും ടിപി രാമകൃഷ്ണനും കടകംപ്പള്ളി സുരേന്ദ്രനും വിളിച്ച യോഗത്തിൽ കമ്പനിയുടെ നിലപാട് വ്യക്തമാക്കാൻ രണ്ട് ജീവനക്കാരെല്ലാതെ മറ്റാരും പങ്കെടുത്തില്ല. കമ്പനി തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി ചർച്ചയിൽ പങ്കെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam