
ദില്ലി : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് നൽകിയത്. വെബ്‌സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.
വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതിയിലെത്തിയത്. പൂജ മാറ്റുന്നത് ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹര്‍ജി നല്‍കിയത്. ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി ദിനത്തില്‍ നടത്താന്‍ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി. വന്‍തിരക്കുണ്ടാകുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടന്നാൽ ഭക്തർക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചതെന്നും പൂജ ആചാരമല്ല വഴിപാടാണെന്നാണ് ഭരണസമിതിയുടെ വാദം.
എന്നാൽ ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും ഇത് ആചാരണലംഘനമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നാണ് ഹർജിക്കാർ ആവശ്യപെടുന്നത്.
തന്ത്രി കുടുംബത്തിനായി മുതിർന്ന അഭിഭാഷാകൻ സി.എസ് വൈദ്യനാഥൻ,അഡ്വ. എ കാർത്തിക്ക് എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി. മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, അഡ്വ. എം എൽ ജിഷ്ണു എന്നിവരാണ് ഗുരുവായൂർ ദേവസ്വം ബോർഡിനായി ഹാജരായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam