Buffer Zone Order : ബഫർ സോണിലെ സുപ്രീംകോടതി ഉത്തരവ്; കേരളം പുനഃപരിശോധന ഹർജി നൽകും

Published : Jun 08, 2022, 04:15 PM ISTUpdated : Jun 08, 2022, 04:18 PM IST
Buffer Zone Order : ബഫർ സോണിലെ സുപ്രീംകോടതി ഉത്തരവ്; കേരളം പുനഃപരിശോധന ഹർജി നൽകും

Synopsis

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനിടെ 2019ൽ വനങ്ങളുടെ ചുറ്റളവിൽ പൂജ്യം മുതൽ ഒരു കിലോ മീറ്റ‍ർ വരെ സംരക്ഷിത മേഖലയാക്കാമെന്ന ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവ് പുറത്തുവന്നത് സർക്കാറിന് തിരിച്ചടിയായി.

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കി മീ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. പരാതികൾ ഉണ്ടെങ്കിൽ ഉന്നതാധികാര സമിതി വഴി കോടതിയെ അറിയിക്കാമെന്ന വിധിയിലെ ഉപാധി തന്നെ ഉപയോഗിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. കേരളത്തെ കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് പുനഃപരിശോധന ഹർജി നൽകുക. കേന്ദ്രം ഹർജി നൽകിയാൻ കക്ഷി ചേരുന്നതും പരിഗണനയിലാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ മാനദണ്ഡം നിശ്ചയിച്ച് പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനാകില്ലെന്നാണ് കേരളത്തിന്‍റെ നിലപാട്. വനംവകുപ്പിലെയും നിയമവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും എജിയുമായും മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Also Read: ബഫർ സോൺ സുപ്രീംകോടതി ഉത്തരവ്, ഇടുക്കിയിൽ ഹർത്താലുമായി എൽഡിഎഫും യുഡിഎഫും

അതേസമയം, വനങ്ങളുടെ ചുറ്റളവിൽ പൂജ്യം മുതൽ ഒരു കി മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കാമെന്നാണ് 2019ലെ സർക്കാർ ഉത്തരവ്. സമാനമായ സുപ്രീംകോടതി വിധിക്കെതിരായ സർക്കാർ നീക്കം ഇരട്ടത്താപ്പാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കാനാണ് പൂജ്യം കിലോ മീറ്റർ വെച്ചതെന്നാണ് വനംവകുപ്പ് വിശദീകരണം. അന്ന് കേന്ദ്രം ആവശ്യപ്പെട്ടത് ജനവാസ മേഖലയിലടക്കം എല്ലായിടത്തും 10 കിലോ മീറ്റർ പരിധിയായിരുന്നുവെന്നും വകുപ്പ് പറയുന്നു. കേരളത്തിന്‍റെ അന്നത്തെ നിലപാട് കേന്ദ്രം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിരുന്നില്ല.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറ‍ഞ്ഞു.

Also Read: ബഫർസോണ്‍; ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് നിലപാട്, കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം ഇല്ലെന്നും മന്ത്രി

പരിസ്ഥിതിലോല ഉത്തരവ് മറികടക്കാന്‍  എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുളള അവലോകന യോഗത്തിന് ശേഷം മന്ത്രി എ കെ ശശീന്ദ്രന്‍റെ പ്രതികരിച്ചു. വനസംരക്ഷണത്തിനായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സുപ്രീംകോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രം പൂര്‍ണമായി ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം