
ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് എം കെ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ. റാമിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തി. നിതിൻ രാജ് ക്ലാസ്മുറിക്കുള്ളിൽ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത് എന്നും കോടതി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അധ്യാപകർ അതിൻ്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു അധ്യാപകന് വേണ്ടി ഹാജരായ അഭിഭാഷകൻ്റെ വാദം. പറഞ്ഞതിൽനിന്ന് പാഠം പഠിച്ചു എന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രതിയായ ഡോ. റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam