കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്ന് ചോദിച്ച കോടതി, അസാധാരണ സാഹചര്യമാണെന്നും വ്യക്തമാക്കി.
കൊച്ചി: ബിജെപി കൗൺസിലറുടെ കാപ്പാ തടവിൽ സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലേൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി ചോദിച്ചു. സുഗതനെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുൻപേ ഉൾപ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. അസാധാരണ സാഹചര്യമാണെന്നും ഇന്നുച്ചക്ക് രണ്ടിന് ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞ ജയിലിൽ നടക്കും എന്ന് തന്നെയാണ് കോടതി സൂചിപ്പിച്ചിട്ടുള്ളത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും. കോടതി നിർദ്ദേശിച്ചാൽ സൗകര്യം ഒരുക്കാം എന്ന് സർക്കാരും അറിയിച്ചു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സർക്കാർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കോടതി ഇക്കാര്യത്തിൽ വിശദമായ വിധി പറയും. സത്യപ്രതിജ്ഞ എപ്പോൾ എങ്ങനെ എന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ കാപ്പാ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകു എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയിൽ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
