
തൃശൂർ: കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് സ്വാഗതാർഹമല്ല. കരുവന്നൂരിൽ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോൾ ഇക്കാര്യം പറഞ്ഞതാണ്. ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. എനിക്ക് ഇനിയും മൂന്ന് വർഷമുണ്ട്, തെളിയിക്കും. അവിനിശ്ശേരി പഞ്ചായത്ത് അതിനുള്ള ഉദാഹരണമാണ്. ജനങ്ങൾ മനസ്സിലാക്കണം. എല്ലാക്കാലവും ഇവരുടെ തകർന്നാട്ടം നടക്കില്ല, അതൊക്കെ മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അന്ന് പറഞ്ഞത് വ്യക്തമായാണ്. കലുങ്ക് ജനകീയ മുഖമാകരുത് എന്ന് വിശ്വസിക്കുന്നവർക്ക് ഇതിനെ വക്രീകരിക്കാനുള്ള ത്വരയുണ്ടാകും. ക്വാറിയിൽ നിന്ന് പൈസയെടുത്ത ജില്ലാ പ്രസിഡന്റുമാരൊന്നും ഞങ്ങളുടെ പാർട്ടിയിൽ ഇല്ല. ഉണ്ടെന്ന് അറിഞ്ഞാൽ കളയും. തട്ടിപ്പ് നടത്തിയെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുറത്താക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സ് നടക്കുന്നത്.
നേരത്തെ പരിപാടിക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എം.പിയുടെ പരിപാടി അപലപനീയമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കലുങ്ക് പരിപാടിയില്‍ തന്റെ പ്രശ്‌നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ല. 'താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്' എന്ന് പറയുന്നയാള്‍ താന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എം.പിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റുവാങ്ങാനും അനുഭാവപൂര്‍വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എം.പിയാണ് ഇപ്പോള്‍ അദ്ദേഹം. അവര്‍ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എം.പിക്ക്. ജീവിതപ്രശ്‌നങ്ങളുമായി മുന്നിലെത്തുന്നവര്‍ തന്റെ അടിയാളരാണെന്ന തോന്നല്‍ നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി.