
തൃശൂർ: തൃശൂർ പൂരം നേരിട്ടു കാണാനെത്തിയതിന്‍റെ സന്തോഷത്തിലാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. സ്ഥാനാർത്ഥിയെന്ന നിലയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി തൃശൂരിലെ ജനതയ്ക്കൊപ്പം നിൽക്കാൻ കഴിഞ്ഞ തനിക്ക് തൃശൂർ പൂരത്തിന്‍റെ ഭാഗമാകാൻ കൂടി കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആദ്യമായിട്ടാണ് പൂരപ്പറമ്പിൽ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂർ പൂരത്തിന്‍റെ ഭാഗമാകുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെയുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശൂർ പൂരം നേരിട്ടനുഭവിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂർ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ അത്തരം ആഘോഷങ്ങളിൽ നിന്നെല്ലാം പരമാവധി മാറി നിൽക്കാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സോഷ്യയിൽ മീഡിയയിൽ ഏറെ ചർച്ച ചെയ്ത 'തൃശൂർ ഞാനിങ്ങെടുക്കുവാ' പ്രസംഗത്തെക്കുറിച്ചും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂർ എടുക്കുകയാണെന്ന് പറഞ്ഞത് വളരെ സ്നേഹത്തോടെയാണ്. ഇപ്പോഴുള്ള തൃശൂർ എടുത്ത് അതിനെക്കാൾ മികച്ച ഒരു തൃശൂരിനെ ജൻങ്ങൾക്ക് നൽകണമെന്നാണ് ആഗ്രഹം. ഈശ്വരാനുഗ്രഹവും ജനപിന്തുണയും ഉണ്ടെങ്കിൽ എല്ലാം സാധ്യമാവുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam