
തൃശൂര്‍: കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ ഇഷ്ടദേവനെത്തേടി സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കദളിക്കുലയും പണക്കിഴിയും സമര്‍പ്പിച്ചായിരുന്നു ദർശനം. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തുന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെഎസ് മായാദേവി എന്നിവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു.
ബിജെപി പ്രവര്‍ത്തകരും സ്വീകരണം നല്‍കി. തുടര്‍ന്ന് ക്ഷേത്ര സന്നിധിയിലെത്തിയ അദ്ദേഹം ആദ്യം ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടര്‍ന്ന് ചുറ്റമ്പല പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഗുരുവായൂരപ്പ ദര്‍ശനം. ബി ജെ പി പ്രവര്‍ത്തകര്‍ സ്വീകരണം നിശ്ചയിച്ചിരുന്നെങ്കിലും കുവൈത്ത് ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടിത്ത പശ്ചാത്തലത്തില്‍ സ്വീകരണ പരിപാടികള്‍ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം സുരേഷ് ഗോപി ജയിച്ച് മന്ത്രിയാവാനായി നേർന്ന വഴിപാട് ധന്യയും സനീഷും പൂർത്തിയാക്കി. സുരേഷ് ഗോപി എത്തുന്നതറിഞ്ഞ് വൈകുന്നേരം തന്നെ ഇവർ പാല്‍പ്പായസം ശീട്ടാക്കിയിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം പടിഞ്ഞാറേനടയില്‍ പായസം വിതരണവും ചെയ്തു. വൈകിട്ട് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ സുരേഷ് ഗോപി എത്തിയതോടെ സനീഷും ധന്യയും എത്തി പൊന്നാട ചാര്‍ത്തി. ഇരുവരും മകന്റെ മുടി മുറിക്കാനായി ഇന്ന് രാവിലെ തിരുപ്പതിയിലേക്ക് പുറപ്പെടും.
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മുല്ലപ്പൂവ് വില്പനയാണ് സനീഷ് -ധന്യ ദമ്പതികളുടെ ജോലി. കൈക്കുഞ്ഞുമായി ക്ഷേത്ര പരിസരത്ത് മുല്ലപ്പൂവ് വില്‍ക്കുന്ന ഇവരുടെ കഥയറിഞ്ഞ് സുരേഷ് ഗോപി സഹായ ഹസ്തവുമായെത്തിയിരുന്നു. ഗുരുവായൂരില്‍ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുല്ലപ്പൂവ് ഇവരില്‍നിന്നാണ് വാങ്ങിച്ചത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടനെ ഇവര്‍ വിജയത്തിനായി വഴിപാട് നേരുകയായിരുന്നു.
വീടെന്ന സ്വപ്നത്തിനായി കടൽ കടന്നു, ഏഴാം നാൾ ചേതനയറ്റ് മടക്കം: ബിനോയ് തോമസിന് നിറഞ്ഞ കണ്ണുകളോടെ യാത്രാമൊഴി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam