കുതിച്ചുയർന്ന് അമീബിക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം, എങ്ങുമെത്താതെ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം

Published : Oct 21, 2025, 10:16 AM ISTUpdated : Oct 21, 2025, 11:57 AM IST
amoebic meningoencephalitis guidelines

Synopsis

അപൂർവ്വങ്ങളിൽ അപൂർവ്വമായി റിപ്പോർട്ട് ചെയ്തിരുന്ന രോഗം. കേരളത്തിൽ ഇപ്പോൾ ദിനവും രണ്ടും മൂന്നും പേർക്ക് എന്ന കണക്കിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്തിയില്ല. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗം. കേരളത്തിൽ ഇപ്പോൾ ദിനവും രണ്ടും മൂന്നും പേർക്ക് എന്ന കണക്കിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം 50ൽ താഴെയായിരിക്കെ സെപ്റ്റംബർ 3ന് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ കേസ് കൺട്രോൾ സ്റ്റഡി നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഒന്നരമാസം കഴിഞ്ഞു. എന്തെങ്കിലും പഠന നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ബന്ധപ്പെട്ട വകുപ്പുകൾ കൈമലർത്തുന്നു.

പാരിസ്ഥിതിക ഘടകങ്ങളുടെ പഠനവും തുടങ്ങിയില്ല, മിക്ക കേസുകളിലും ഉറവിടം അവ്യക്തം 

രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡിഎച്ച്എസും ഡിഎംഇയും ഐസിഎംആർഉും ചേർന്ന് നടത്തുന്ന കേസ് കൺട്രോൾ സ്റ്റഡി ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്. പഠനമാതൃക മാത്രമേയായിട്ടുള്ളൂ. ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടില്ല. എന്ന് ഈ പഠനം പൂർത്തിയാകുമെന്നും അറിയില്ല. രോഗികളുടെ എണ്ണം ഉയരുന്നതിൽ പാരിസ്ഥിതിക മാറ്റങ്ങൾ കാരമാകുന്നുണ്ടോ എന്നാണ് ഏറ്റവും പ്രധാനമായും ഉയർന്ന സംശയം. ഇക്കാര്യങ്ങളും പഠിക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞത്. സിഇടിയിലെ എൻവയറോൺമെന്റൽ എഞ്ചിനീയറിംഗും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യവകുപ്പും ചേർന്നുള്ള പഠനമായിരുന്നു ആലോചനയിലുണ്ടായിരുന്നത്.

പക്ഷെ ഈ പഠനത്തെ പറ്റി ആർക്കും ഒന്നുമറിയില്ല. പഠനം നടക്കുന്നുണ്ടോ എന്ന് പോലും അവ്യക്തമാണ്. ഈ മാസം ഇതുവരെ മാത്രം 41 പേർക്കാണ് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകൾ ഒരൊറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വമിംഗ് പൂളിൽ തുടങ്ങി കുളവും കിണറും ടാങ്കും ഒക്കെ രോഗവാഹിനികളാകുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മസ്തിഷ്കജ്വര കേസുകളിലെല്ലാം അമീബിക്കാണോ എന്ന പരിശോധന പ്രത്യേകം നടത്തുന്നുണ്ട്.

ഇതാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന് ഒരു കാരണം എന്നാൽ മിക്ക കേസുകളിലും രോഗഉറവിടം അവ്യക്തമാണ്. വിവിധ വകുപ്പുകൾ ചേർന്നുള്ള പ്രവർത്തനം രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. രോഗബാധയുടെ സാഹചര്യം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയൊന്നും കൃത്യമായ തിരിച്ചറിയാതെ എങ്ങനെയാണ് അമീബിക്ക് മസ്തിഷ്കജ്വരത്തെ പ്രതിരോധിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടത് ആരോഗ്യവകുപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം