
പാലക്കാട്: പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ പരിശോധന. സ്പെഷ്യൽ സ്‌ക്വാഡും ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്ക് സ്‌ക്വാഡുകളും നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് വാഹങ്ങൾ ഇന്ന് പിടികൂടി. പരിശോധനയിൽ തച്ഛനാട്ടുകര, കൊപ്പം എന്നിവിടങ്ങളിൽ അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തി.
പട്ടാമ്പി താലൂക്കിൽ കൊപ്പം പ്രഭാപുരത്ത് പ്രവർത്തിച്ചിരുന്ന ക്വാറിയിൽനിന്നു രണ്ടു ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും പിടിച്ചെടുത്തു. തിരുമിറ്റക്കോട് ഒന്ന് വില്ലേജിലെ ചെട്ടിപ്പടിയിൽ പുഴമണൽ കയറ്റിവരികയായിരുന്ന കാറും ഒറ്റപ്പാലം ഒന്ന് വില്ലേജ് പരിധിയിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട നെൽവയൽ അനധികൃതമായി നികത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രവും മണ്ണാർക്കാട് കുമരമ്പത്തൂർ വട്ടമ്പലത്ത് ട്രാൻസിറ്റ് പാസ്സ് ഇല്ലാതെ കല്ല് കടത്തുകയായിരുന്ന ടിപ്പർ ലോറിയും പിടികൂടി.
നെൽവയൽ തണ്ണീർത്തട സംരക്ഷണം നിയമം, നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം, 2015ലെ കെഎംഎംസി റൂൾസ് എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് സമർപ്പിക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു. റവന്യു സ്‌ക്വാഡുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെ ക്രിമിനൽ നിയമചട്ട പ്രകാരമുള്ള നടപടികൂടി സ്വീകരിക്കുമെന്നും സബ് കലക്ടർ അറിയിച്ചു.
വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസീൽദാർമാരായ പി ബാബുരാജ്, പി.ആർ മോഹനൻ, സി വിനോദ്, എം.ടി അനുപമ, വില്ലേജ് ഓഫീസർമാരായ ഷിജു വൈ ദാസ്, സി അലി എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam