
കോഴിക്കോട്: സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ച ശേഷം കോഴിക്കോട് സ്വദേശിയായ വീട്ടമ്മയുടെ പത്ത് പവന്‍ സ്വര്‍ണാഭരണം തട്ടിയ പ്രതി പിടിയില്‍. നീലേശ്വരം സ്വദേശി ഷെനീര്‍ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കല്‍ പൊലീസ് പിടികൂടിയത്. കൂടൂതല്‍ തുകയ്ക്ക് പണയം വെക്കാമെന്ന് പറഞ്ഞ് സ്വര്‍ണം വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. മൂന്നു ദിവസത്തെ പരിചയത്തിന്‍റെ പുറത്താണ് വീട്ടമ്മ സ്വര്‍ണം കൈമാറിയത്.
ഷാനു എന്‍എല്‍ എന്ന പേരില്‍ ആദ്യം ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി. പിന്നെ കോഴിക്കോട് സ്വദേശിയായ വീട്ടമ്മക്ക് റിക്വസ്റ്റയച്ചു. ചാറ്റിങ്ങിലൂടെ അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു കാസര്‍ക്കോട് നീലേശ്വരം സ്വദേശിയായ ഷെനീര്‍ കാട്ടിക്കുളം തട്ടിപ്പ് നടത്തിയത്. സ്വര്‍ണാഭരണം പണയം വെച്ച് ഉയര്‍ന്ന പണം വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം വീട്ടമ്മയെ കോഴിക്കോട് നഗരത്തിലേക്ക് വിളിച്ചു വരുത്തി. വെറും മൂന്നു ദിവസത്തെ ചാറ്റ് ചെയ്തുള്ള പരിചയം മാത്രമായിരുന്നു ഇവര്‍ തമ്മിലുണ്ടായിരുന്നത്. ഷെനീര്‍ പറഞ്ഞതനുസരിച്ച് ഭര്‍ത്താവിന്‍റെ അമ്മയുടെ സ്വര്‍ണമാല വരെ വാങ്ങിയെടുത്ത വീട്ടമ്മ വ്യാഴാഴ്ച വളയനാട് ക്ഷേത്രത്തിന് സമീപമെത്തി. വിജയദശമി ദിനത്തിന്‍റെ തിരക്കിനിടെ പത്തു പവന്‍റെ സ്വര്‍ണാഭരണം വാങ്ങിയെടുത്ത ശേഷം തൂക്കം നോക്കി വരാമെന്നു പറഞ്ഞാണ് പോയത്. പിന്നെ മടങ്ങിയെത്തിയില്ല. ഇയാളെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷെനീറാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. പിന്നാലെ പൊലീസ് നീലേശ്വരത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam