
പത്തനംതിട്ട: തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഉന്നതല സംഘത്തെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യത്ത് വച്ച് നടത്തിയ ഇയാളുടെ മങ്കിപോക്സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നലെയാണ് ബന്ധുക്കൾ തൃശൂരിലെ ആശുപത്രി അധികൃതർക്ക് നൽകിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
21 ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്., 27 ന് മാത്രമാണ് ഇയാൾ ആശുപത്രിയിലെത്തിയത്. എന്ത് കൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. യുവാവിന്‍റെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. യുവാവിന് മറ്റ് ചില സംശയങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. പകർച്ച വ്യാധി ആണങ്കിലും മങ്കി പോക്സിന് വലിയ വ്യാപനശേഷി ഇല്ലെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും കാര്യമായ രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ഇന്നലെ മരിച്ചു. സംശയത്തെ തുടര്‍ന്നാണ് സ്രവ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേർക്ക് മങ്കിപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവർ ആലുവ ജില്ലാ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam