കോഴിക്കോട് സസ്പെൻഷനിലായ സിപിഒ ഉമേഷിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്

By Web TeamFirst Published Sep 22, 2020, 9:57 PM IST
Highlights

നേരത്തെ യുവതിയെ മാതാപിതാക്കളിൽ നിന്നും മാറ്റി വാടക ഫ്ലാറ്റിൽ താമസിപ്പിക്കുകയും ഇവിടെ നിത്യസന്ദർശനം നടത്തിയെന്നും ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തത്

കോഴിക്കോട്: കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സിപിഒ ആയ യു ഉമേഷിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹക്കും എൻഐഎ കോടതി ജാമ്യമനുവദിച്ച സാഹചര്യത്തിൽ പ്രതികൾക്കനുകൂലമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് നോട്ടീസ്. കോടതി വിധിയിലെ വിശദീകരണങ്ങൾ എല്ലാ പൊലീസുകാരും വായിക്കണമെന്നായിരുന്നു ഉമേഷ് കുറിച്ചത്.

"ജാമ്യം നൽകിക്കൊണ്ട് കോടതി പ്രഖ്യാപിച്ച വിധിയിലെ വിശദീകരണങ്ങൾ എല്ലാ പോലീസുദ്യോഗസ്ഥരും വായിക്കേണ്ടതാണ്'' എന്നായിരുന്നു ഉമേഷിന്റെ പോസ്റ്റ്. ഉമേഷ് തീവ്ര ഇടതുപക്ഷ പ്രവർത്തകർക്ക് അനുകൂലമായി അഭിപ്രായ പ്രകടനം നടത്തുന്നത് ബോധ്യപ്പെട്ടതായും മെമ്മോയിൽ പറയുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നാണ് കമ്മീഷണർ എവി ജോർജ്ജ് നൽകിയ മെമ്മോയിൽ പറയുന്നത്.

നേരത്തെ യുവതിയെ മാതാപിതാക്കളിൽ നിന്നും മാറ്റി വാടക ഫ്ലാറ്റിൽ താമസിപ്പിക്കുകയും ഇവിടെ നിത്യസന്ദർശനം നടത്തിയെന്നും ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തത്. സസ്പെൻഷനുമായി ബന്ധപ്പെട്ട് ഐജി തല അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഉത്തരമേഖലാ  ഐജി അശോക് യാദവാണ് കേസ് അന്വേഷിക്കുക. തന്റെ പേര് വലിച്ചിഴച്ചെന്ന കമ്മീഷണർക്കെതിരായ സ്ത്രീയുടെ പരാതിയും പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നിന്റെ പ്രസ്താവനകളും അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അതിന് ശേഷം കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു. ഉമേഷിനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. കേസ് അന്വേഷിക്കാനെത്തിയ എസിപി തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. ശരീരത്തേയും നിറത്തേയും അധിക്ഷേപിച്ചെന്ന് ഇവര്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് തന്നോട് മുന്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് സസ്പെന്‍ഷനിലായ ഉമേഷിന്‍റെ ആരോപണം. നേരത്തെ കാടുപൂക്കും നേരം എന്ന സിനിമയുടെ പോസ്റ്ററും സംഭാഷണവും ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് ഉമേഷിന് സിറ്റി പൊലീസ് കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പൊലീസുകാരനെ സസ്പെന്‍റ് ചെയ്ത ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടന്ന് കാണിച്ചാണ് യുവതി ഐജിക്ക് പരാതി നൽകിയത്. അമ്മ നൽകിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. തന്റെ പേര് ഉൾപ്പെട്ട സംഭവത്തിൽ പരാതി എന്താണെന്ന് പോലും പറയാതെയാണ് പൊലീസുകാർ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ പകർപ്പ് തരാൻ പറ്റില്ലെന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാടെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!