
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായി. ഗ്രേഡ് എസ് ഐ എസ് എസ് സാബു രാജനാണ് മെഡലിന് അര്‍ഹനായത്. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. മന്ത്രി പി രാജീവന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മീഷണർ സസ്പെൻസ് ചെയ്തത്. മന്ത്രി നീരസം അറിയിച്ചതുകൊണ്ട് സസ്പെൻഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം.
തിരിക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്പെൻഡ് ചെയ്തത്. പള്ളിച്ചൽ മുതൽ വെട്ട്റോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് പോയ ജീപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗതാഗതകുരുക്ക് ഒഴിവാക്കാൻ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ പതിവ് റൂട്ട് മാറ്റിയതിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് മന്ത്രി പരാതി അറിയിച്ചു. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവുമുണ്ടാക്കിയെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥരെ കമ്മീഷണർ ജി സ്പർജൻ കുമാർ സസ്പെൻഡ് ചെയ്ത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പി രാജീവിന്‍റെ ഓഫീസ് രംഗത്തെത്തി. പൊലീസുകാർക്കെതിരെ നടപടിക്ക് മന്ത്രി ആവശ്യപ്പെട്ടില്ലെന്നാണ് പി രാജീവിന്‍റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. മന്ത്രിയുടെ ഗൺമാന്‍റെ പരാതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ്. പി രാജീവിന്‍റെ ഗൺമാൻ സാബുവാണ് പരാതി അറിയിച്ചത്. കൺട്രോൾ റൂമിലും ഒരു എഡിജിപിയെയും വിളിച്ചത് സാബുവാണ്. കമ്മീഷണറുടെ നടപടിയുണ്ടായത് ഗൺമാന്‍റെ പരാതിയിലാണെന്നും പി രാജീവിന്‍റെ ഓഫീസ് വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam