'സ്വപ്‍ന വന്നിട്ടില്ല'; കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമല്ല ശാന്തിഗിരിയെന്ന് ഗുരുരത്നം ജ്ഞാന തപസ്വി

By Web TeamFirst Published Jul 8, 2020, 12:11 PM IST
Highlights

കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമല്ല ശാന്തിഗിരി ആശ്രമം. ആശ്രമത്തിനെതിരെ വ്യാജ പ്രചാരണം നടക്കുകയാണെന്നും ഗുരുരത്നം ജ്ഞാന തപസ്വി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ് ശാന്തിഗിരി ആശ്രമത്തില്‍ വന്നെന്നത് വ്യാജപ്രചാരണമെന്ന് ഗുരുരത്നം ജ്ഞാന തപസ്വി. കസ്റ്റംസ് അധികൃതര്‍ ആശ്രമത്തില്‍ എത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. സ്വപ്ന ആശ്രമത്തില്‍ വന്നിട്ടില്ലെന്ന് കസ്റ്റംസിനെ ബോധ്യപ്പെടുത്തി. കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമല്ല ശാന്തിഗിരി ആശ്രമം. ആശ്രമത്തിനെതിരെ വ്യാജ പ്രചാരണം നടക്കുകയാണ്. കോണ്‍സുലേറ്റ് പരിപാടികളില്‍ സ്വപ്‍ന സുരേഷിനെ കണ്ടിട്ടുണ്ടെന്നും ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. ശാന്തിഗിരി ആശ്രമത്തില്‍ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടര്‍ന്ന് ഇന്നലെ ഇവിടെ കസ്റ്റംസ് പരിശോധന നടത്തിയത്. 

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‍ന സുരേഷിനെ കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. ഇതിനിടെ സ്വർണ്ണക്കടത്തിൽ നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകൻ മുഖേനെ സ്വപ്ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‍ന ഇപ്പോഴും ഒളിവിലാണ്. പലസ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകൾ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ലാറ്റിൽ രണ്ടാം ദിവസവും പരിശോധന നടത്തി. 

നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയായ അഭിഭാഷകന്‍ മുഖേനയാണ് നീക്കമെന്നാണ് അറിയുന്നത്. സ്വപ്നയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. സ്വപ്നയെ കണ്ടെത്തിയാൽ മാത്രമേ സ്വർണ്ണം കടത്തിയത് ആർക്ക് വേണ്ടിയാണ് എന്നതടക്കമുളള കൃത്യമായ വിവരങ്ങൾ അറിയാൻ കഴിയു.

 

click me!