
തിരുവനന്തപുരം: ആശ്രമം കത്തിച്ച സംഭവത്തിൽ പുതിയെ വെളിപ്പെടുത്തലിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി എന്നാണ് അദ്ദേഹം എഴുതിയത്. പോസ്റ്റിന് വരുന്ന കമന്റികൾക്കും അദ്ദേഹം മറുപടി നൽകി. ഏഷ്യാനെറ്റ് ന്യൂസിനോടും അദ്ദേഹം പ്രതികരിച്ചു. ''നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് അന്ന് എല്ലാവരും ചെയ്തത്. അതിന് പ്രോത്സാഹിപ്പിക്കുകയായിരുന്നു പലരും. പുതിയ വെളിപ്പെടുത്തലോടെ അതിന് മാറ്റം വരുമല്ലോ. ഈ പരിസരത്ത് ഉള്ളവരാണ് ഇത് ചെയ്തതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു. അന്വേഷത്തിന്‍റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ട്. പ്രതിയായ ഇപ്പോള്‍ പറയുന്ന പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണം. ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം. കേസില്‍ തുടര്‍ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ വാര്‍ത്ത അറിയുന്നത്, പൊലീസ് ഔദ്യോഗികമായി വിവരം നല്‍കിയിട്ടില്ല''- സന്ദീപാനന്ദഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ആശ്രമം കത്തിച്ച പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ നിരവധി ആരോപണങ്ങളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ആശ്രമത്തിലെ സിസിടിവിയും സംഭവ ദിവസം പ്രവർത്തിച്ചിരുന്നില്ല. എന്നാൽ സർക്കാറിനും പൊലീസിനും ആശ്വാസായി നാലരവര്‍ഷത്തിന് ശേഷം ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണെന്ന് പ്രകാശിന്റെ സഹോദരൻ വെളിപ്പെടുത്തി. പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ.
നാലര വർഷത്തെ അന്വേഷണം; ഒടുവിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ തുമ്പായി, പൊലീസിന് നേട്ടം