
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയറുടെ പേരിലുള്ള ശുപാർശ കത്തന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലർ ഡി ആർ അനിലിന്‍റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. അതേസമയം, വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡി ആർ അനിൽ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് മേയറുടെ ശുപാർശ കത്ത് എത്തിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകാനായി തയ്യാറാക്കിയ കത്താണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളിൽ അറിയിക്കാമെന്ന് ആനാവൂർ നാഗപ്പൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, മേയറുടെ വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒഴിവുകൾ നികത്താൻ സഹായം തേടി മേയർ പാർട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായെന്നും ഹർജിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആയിരത്തിലേറെ അനധികൃത നിയമനം തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഹർജിക്കാരനായ ശ്രീകുമാ നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് വിജലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു.
Also Read: രണ്ട് വർഷത്തിനിടെ ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ, 'വിവാദ കത്തിൽ' ഹൈക്കോടതിയിൽ ഹർജി
കരാര്‍ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam