'ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും', അപൂർണമായി പുസ്തകം എഴുതി ജനങ്ങളെ പറ്റിക്കരുതെന്ന് സ്വപ്ന

Published : Feb 04, 2022, 10:24 PM ISTUpdated : Feb 05, 2022, 01:09 AM IST
'ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും', അപൂർണമായി പുസ്തകം എഴുതി ജനങ്ങളെ പറ്റിക്കരുതെന്ന് സ്വപ്ന

Synopsis

 എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചതെന്ന് സ്വപ്ന.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് (Swapna Suresh). ശിവശങ്കറിന് ഐ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

താൻ കോൺസുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറൻസുണ്ടായതുമാണ് സ്പേസ് പാർക്കിലെ ജോലി ലഭിക്കാൻ കാരണം. ആദ്യം അവിടുത്തെ കരാർ കെപിഎംജിക്കായിരുന്നു. എന്നാൽ തന്നെ നിയമിക്കുന്നതിൽ അവർ തടസം പറഞ്ഞെന്നും അതിനാൽ അവരെ മാറ്റിയെന്നുമാണ് പിന്നീട് അറിഞ്ഞത്. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഭാഗമാകുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കെപിഎംജി പറഞ്ഞെന്നാണ് തന്നോട് ശിവശങ്കർ പറഞ്ഞത്. തുടർന്നാണ് കരാർ പിഡബ്ല്യുസിക്ക് നൽകിയത്. തനിക്ക് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകൾ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താൻ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.

ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന,  ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വഴിയില്‍ കിടന്ന ഒരുപാട് തേങ്ങകള്‍ താന്‍ ശിവശങ്കര്‍ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് അദ്ദേഹം എഴുതിയിട്ടില്ല. സ്വപ്ന സുരേഷാണ് ചതി ചെയ്തത് എന്ന് വരുത്താനാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് എന്ത് കിട്ടാനാണ്. ശിവശങ്കറും താനും തമ്മിലുള്ള ബന്ധം പറഞ്ഞ് മാത്രം വലിയ പുസ്തകം എഴുതാനാകുമെന്നും പുസ്തകം എഴുതുമ്പോള്‍ തുടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു. വാട്സ്ആപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

പരിചയപ്പെട്ടതിന് ശേഷം ജയിലിലാവുന്നത് വരെയുള്ള ശിവശങ്കറിൻ്റെ പിറന്നാളുകൾ എൻ്റെ വീട്ടിലാണ് ആഘോഷിച്ചിരുന്നത്. നിരവധി സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. ഈയൊരു ഐഫോണിനെക്കുറിച്ച് മാത്രം എടുത്ത് പറയുന്നതിൻ്റെ സെൻസ് മനസിലാവുന്നില്ല. അതുകൊണ്ടാണ് പ്രതികരിച്ചത്. എനിക്ക് ആരേയും ചെളിവാരിയെറിയണ്ട. അദ്ദേഹത്തിന് ഞാൻ ഐ ഫോൺ മാത്രമല്ല, നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. എൻ്റെ ഫോൺ കിട്ടി കഴിഞ്ഞാൽ ചിത്രങ്ങൾ കാണിക്കാനാവും. എൻ്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാൾ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.

എല്ലാ ഉദ്യോഗസ്ഥരും കാണാന്‍ പറഞ്ഞതും കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. പിഡബ്യൂസിയെ സ്പെയ്സ് പാര്‍ക്കില്‍ കൊണ്ടുവന്നത് തന്നെ നിയമിക്കാന്‍ വേണ്ടിയായിരുന്നു. കെപിഎംജി തന്‍റെ നിയമനത്തെ ആദ്യം എതിര്‍ത്തു. തന്നെ നിയമിക്കാനായി കെപിഎംജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ശിവശങ്കറിന്‍റെ നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്തുടരുകയായിരുന്നു. സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയോ ആരും ചോദിച്ചില്ലെന്നും സ്വപ്ന പറഞ്ഞു.

പൂര്‍ണ അഭിമുഖം കാണാം:

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം