പ്രളയത്തിലും കമ്മീഷൻ: 5 കോടിയുടെ പദ്ധതിയിൽ സ്വപ്ന കൈക്കലാക്കിയത് 25 ലക്ഷം

By Web TeamFirst Published Oct 12, 2020, 9:09 AM IST
Highlights

അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് യുഎഇ കോൺസുലേറ്റിന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയത്. ഇതിൽ കരാറുകാരനെ കണ്ടെത്തിക്കൊടുത്തതിന് സ്വപ്ന സുരേഷിന് കിട്ടിയത് 25 ലക്ഷം രൂപയാണ്. 

കൊച്ചി: കേരളത്തെ മുക്കിക്കളഞ്ഞ മഹാപ്രളയത്തിന്‍റെ മറവിലും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നപ്രഭാ സുരേഷ് കമ്മീഷൻ പറ്റി. വിവിധ കേന്ദ്രഏജൻസികൾക്ക് നൽകിയ മൊഴിയിൽ സ്വപ്ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി യുഎഇ കോൺസുലേറ്റ് നടപ്പാക്കിയ 5 കോടി രൂപയുടെ പദ്ധതിയിൽ തനിക്ക് 25 ലക്ഷം രൂപ കമ്മീഷനായി കിട്ടിയെന്നാണ് സ്വപ്ന തന്നെ പറയുന്നത്.

പ്രളയപുനരുദ്ധാരണ പദ്ധതിയുടെ നടത്തിപ്പിനിടെ തനിക്ക് കമ്മീഷൻ കിട്ടിയെന്ന് സ്വപ്ന സമ്മതിച്ചെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതാണ്. എന്നാൽ എത്ര തുക കിട്ടി, എങ്ങനെയാണ് കിട്ടിയത് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രളയത്തിൽ തകർന്ന വീടുകൾ പുതുക്കിപ്പണിയാനുള്ള പദ്ധതിയിൽ നിന്നാണ് സ്വപ്ന സുരേഷ് കമ്മീഷൻ പറ്റുന്നത്. പ്രളയത്തിൽ ഏറെ നാശനഷ്ടങ്ങളുണ്ടായ പന്തളത്തെ വീടുകൾ പുതുക്കിപ്പണിഞ്ഞു കൊടുക്കുന്ന പദ്ധതി യുഎഇ കോൺസുലേറ്റ് ഏറ്റെടുത്തിരുന്നു. ഇത് യുഎഇ കോൺസുലേറ്റ് തന്നെ സന്നദ്ധരായി മുന്നോട്ടുവന്ന പദ്ധതിയാണ്. ഇതിനായി കോൺസുലേറ്റ് നീക്കിവച്ചത് അഞ്ച് കോടി രൂപയാണ്. 150 വീടുകളാണ് പുതുക്കിപ്പണിതുകൊടുക്കാൻ തീരുമാനിച്ചിരുന്നത്. 

ഇത് പണിയാനായി കരാറുകാരനെ കണ്ടെത്താൻ കോൺസുൽ ജനറൽ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നത്. ഇത് കണ്ടെത്തുന്നതിനായി താൻ പലരെയും പരിഗണിച്ചു. യുഎഎഫ്എഫ്എക്സ് (UAFFX) സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഉടമ അബ്ദുൾ ലത്തീപിനെ താൻ സമീപിച്ചു. അബ്ദുൾ ലത്തീഫ് ഈ പദ്ധതിയുടെ നിർമ്മാണം സുഹൃത്തും കരാറുകാരനുമായ ദിനൂപ് രാമചന്ദ്രനെ ഏൽപിച്ചു. 

അങ്ങനെ നിർമാണക്കരാറിന് ആളെ കണ്ടെത്തിക്കൊടുത്തതിന് കോൺസുൽ ജനറൽ തന്നെയാണ് തനിക്ക് കമ്മീഷൻ തന്നതെന്ന വിചിത്രമായ വാദവും സ്വപ്ന മുന്നോട്ടുവയ്ക്കുന്നുണ്ട്. കോൺസുൽ ജനറൽ ഇത് തനിക്ക് സമ്മാനമായി തന്നതാണെന്നാണ് സ്വപ്ന പറയുന്നത്. 35,000 യുഎസ് ഡോളർ, വിപണിമൂല്യം ഏതാണ്ട് 25 ലക്ഷം രൂപയാണ് സ്വപ്നയ്ക്ക് 'സമ്മാന'മായി കിട്ടിയത്. 

നേരത്തേ, ഇതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എങ്ങനെ പരിചയപ്പെട്ടു എന്നതിനെപ്പറ്റി പറയുന്ന സ്വപ്നയുടെ മൊഴി പുറത്തുവന്നിരുന്നു. 2017-ൽ യുഎഇ കോൺസുൽ ജനറൽ മുഖ്യമന്ത്രിയുടെ വസതിയിൽ സ്വകാര്യ സന്ദർശനം നടത്തിയിരുന്നു. യുഎഇ കോൺസലേറ്റുമായി സർക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്. തുടർന്ന്  കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോൺസുൽ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവന്നാണ് സ്വപ്നയുടെ മൊഴിയിലുളളത്.

click me!