
കൊച്ചി: സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഇരുവരും ഹാജരായത്. അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് എത്തിയതെന്ന് ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്ന് പറഞ്ഞ ഷാജ് കിരൺ, തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും പ്രതികരിച്ചു.
ഷാജ് കിരണും ഇബ്രഹാമും നൽകിയ മുൻകൂർ ജാമ്യ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കേസിൽ ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് സിംഗിൾ ബഞ്ച് ഹർജി തള്ളിയത്. അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ 41 എ നോട്ടീസ് നൽകിയ ഇരുവരെയും വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. രഹസ്യ മൊഴി തിരുത്താൻ ഷാജ് കിരണും സുഹൃത്തും ദൂതനായി എത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെ കേരളം വിട്ട ഇരുവരും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷ് തങ്ങളെ കെണിയിൽപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടികാട്ടി ഷാജ് കിരണും ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.
അതേസമയം, സ്വർണകടത്ത് കേസിൽ ഷാജ് കിരണിന്‍റെയും സ്വപ്ന സുരേഷിന്‍റെയും വെളിപ്പെടുത്തലിൽ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിയമ നടപടിയിലേക്ക് കടക്കുകയാണ്. ഇരുവർക്കുമെതിരെ സഭ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേടതിയിൽ ഹർജി നൽകി. മാനനഷ്ടം, ക്രിമനിനൽ ഗൂഢാലോചന തുടങ്ങിയവ ആരോപിച്ചാണ് ഹർജി. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഫണ്ടുകൾ ബിലിവേഴ്സിന്‍റെ സാഹയത്തോടെ അമേരിക്കയിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നു ഷാജ് കിരൺ സ്വപനയോട് പറഞ്ഞത്. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിലും ഈ പരാമർശമുണ്ട്. ഈ പ്രസ്താവനകൾ സഭയേയും അനുബന്ധ സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്തിയെന്നാണ് സഭയുടെ ഹർജിയിലുള്ളത്. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam