
കൊച്ചി: മുൻമന്ത്രി കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നാലോ അഞ്ചോ മണിക്കൂർ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചിലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു. മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ എന്തിനാണ് 36 തവണ ഷാജ് കിരണിനെ വിളിച്ചത്? പൊലീസ് തനിക്ക് പിന്നാലെ എവിടെപ്പോയി, എന്തിന് പോയി എന്നെല്ലാം ചോദിച്ച് കയറിയിറങ്ങി നടക്കുകയാണെന്നും, അതിനാലാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്ന.
''എഡിജിപി ലോ ആന്‍റ് ഓർഡർ ഒരു ഫ്രോഡിനൊപ്പം സമയം ചെലവഴിക്കുന്നു. വിജിലൻസ് മേധാവി ഇതേ ആളെ എന്‍റെ ഓഫീസിലേക്ക് ഒരു സന്ദേശവാഹകനെപ്പോലെ അയക്കുന്നു. ഇതിന്‍റെയെല്ലാം അർത്ഥമെന്താണ്? ഇതെല്ലാം കഴിഞ്ഞും കേരളാ പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കണോ? എനിക്കിപ്പോൾ ഗാർഡുകൾ മാത്രമേയുള്ളൂ. എനിക്ക് ഫിറ്റ്സ് വന്ന് വീഴുമ്പോൾ പിടിക്കാൻ ആരെങ്കിലും വേണ്ടേ?'', എന്ന് സ്വപ്ന സുരേഷ്.
ഗുരുതര ആരോപണങ്ങളുമായി സ്വപ്ന
തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അതീവ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച്, അവിടെ നിന്നുള്ള സഹായം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുടുംബം പല ദേശവിരുദ്ധ, സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് സ്വപ്ന ആരോപിക്കുന്നത്. മുൻമന്ത്രി കെ ടി ജലീൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും, കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തിയെന്നുമുള്ള കുറ്റങ്ങൾ ചുമത്തി സ്വപ്നയ്ക്ക് എതിരെ കേസെടുത്തത്.
കെ ടി ജലീലും പൊലീസും തമ്മിലുള്ള ഗൂഢാലോചനയാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് സ്വപ്ന ആരോപിക്കുന്നു. അധികാരകേന്ദ്രങ്ങളിൽ ഉന്നതതലത്തിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്‍റെ ഭാര്യ കമല, മകൾ വീണ മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, നളിനി നെറ്റോ, എം ശിവശങ്കർ എന്നീ ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം ചേർന്നാണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കോൺസുൽ ജനറലുമായി ചേർന്ന്, ഡിപ്ലോമാറ്റിക് സുരക്ഷ ഉപയോഗിച്ച്, തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും സ്വപ്ന ഹർജിയിൽ ആരോപിക്കുന്നു.
സ്വപ്നയുടെ ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. രഹസ്യമൊഴി പ്രകാരം താൻ കൊടുത്തിട്ടുള്ള വസ്തുതകൾ പുറത്തുവരുന്നത് തടയുകയാണ് ഇത്തരം ഒരു കേസിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നു. തന്നെ ഭീഷണിപ്പെടുത്താനാണ് ശ്രമം.
തനിക്കെതിരായ കേസ് അറിയാവുന്ന വസ്തുതകൾ പുറത്ത് പറഞ്ഞതിന്‍റെ പേരിൽ മാത്രമാണ്. തന്‍റെ വാക്കുകൾ സമൂഹത്തിൽ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ളതല്ല. ആ ആക്ഷേപം നിലനിൽക്കുന്നതല്ല. നിയമപരമായി കേസ് നിലനിൽക്കില്ലെന്നും, അതിനാൽ ഈ എഫ്ഐആർ റദ്ദാക്കണമെന്നാണ് കോടതിയിൽ സ്വപ്ന ആവശ്യപ്പെടുന്നത്.
Read More: 'പരാതിക്ക് പിന്നിൽ ജലീലും പൊലീസും', ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് സ്വപ്ന