'പരാതിക്ക് പിന്നിൽ ജലീലും പൊലീസും', ഗൂഢാലോചന കേസിലെ എഫ്ഐആർ‍ റദ്ദാക്കണമെന്ന് സ്വപ്‍ന

Published : Jun 13, 2022, 01:52 PM ISTUpdated : Jun 13, 2022, 01:56 PM IST
'പരാതിക്ക് പിന്നിൽ ജലീലും പൊലീസും', ഗൂഢാലോചന കേസിലെ എഫ്ഐആർ‍ റദ്ദാക്കണമെന്ന് സ്വപ്‍ന

Synopsis

ജലീൽ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കോടതിയിൽ മൊഴി നൽകിയതിലുള്ള വിരോധമാണ് കേസിന് പിന്നിലെന്ന് സ്വപ്‍ന; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജി പിൻവലിച്ചു, ഇഡിയുടെ സംരക്ഷണം അനുവദിക്കണമെന്നും ആവശ്യം

കൊച്ചി: കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. കെ.ടി.ജലീലും പൊലീസും ചേർന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്ന് ആരോപിച്ചാണ് ഹ‍ർജി നൽകിയത്. ജലീൽ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കോടതിയിൽ മൊഴി നൽകിയതിലുള്ള വിരോധമാണ് കേസിന് പിന്നിലെന്നും സ്വപ്ന ആരോപിച്ചു.  തന്നെ ഭീഷണിപ്പെടുത്തുകയും രഹസ്യമൊഴിയിലെ വസ്തുത പുറത്ത് വരുന്നത് തടയുകയുമാണ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നിലെ ലക്ഷ്യമെന്നും സ്വപ്‍ന ഹ‍ർജിയിൽ പറയുന്നു. 

പൊലീസും ഗൂഢാലോചനയുടെ ഭാഗമായി. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സ്വപ്‍ന വ്യക്തമാക്കി. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെ.ടി.ജലീൽ നളിനി നെറ്റോ, എം.ശിവശങ്കർ എന്നിവരടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്വപ്‍ന വ്യക്തമാക്കി. 

പൊലീസ് സംരക്ഷണം വേണ്ടെന്ന് സ്വപ്ന

പൊലീസ് സംരക്ഷണം വേണമെന്ന ഹർജി പിൻവലിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ്. പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‍നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിജിലൻസ് മുൻ ഡയറക്ടർ എം.ആർ.അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നും ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ‍്‍ന വ്യക്തമാക്കി. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നും കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സ്വപ്‍ന വ്യക്തമാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്‍ന ഹ‍ർജി നൽകിയത്.

അതേസമയം തങ്ങൾക്ക് പോലും സുരക്ഷയില്ലെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ട്. കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. 

വെളിപ്പെടുത്തലിലെ ഗൂഢാലോചന: പ്രത്യേക അന്വേഷണ സംഘം യോഗം ചേരുന്നു

ഇതിനിടെ, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന്റെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി ഷെക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം ചേരുന്നത്. എഡിജിപിയുടെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സ്വപ്നയുടെ മൊഴിക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ പ്രത്യേക സംഘത്തിന് നൽകിയ നിർദ്ദേശം. ഓരോ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും. കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിലെ സാക്ഷിയായ സരിത എസ്.നായരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

'കൂടിക്കാഴ‍്‍ച നടത്തി, പക്ഷേ ഗൂഢാലോചനയല്ല'; സ്വപ്‍നയെയും ക്രൈം നന്ദകുമാറിനെയും കണ്ടെന്ന് പി.സി.ജോ‍ർജ്

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും