സ്വപ്നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ആവശ്യം രാജി, കോലം കത്തിച്ചു

Published : Jun 07, 2022, 07:17 PM ISTUpdated : Jun 07, 2022, 07:52 PM IST
സ്വപ്നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ആവശ്യം രാജി, കോലം കത്തിച്ചു

Synopsis

ബിരിയാണി ചെമ്പുമായി ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ...

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. 

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് നടത്തിയത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ചത്. 

ബിരിയാണി പാത്രങ്ങളും യുഎഇ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞിരുന്നു. 

Read Also: 'മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി', സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. ബിരിയാണി ചെമ്പുമായി ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചതും സംഘര്‍ഷമുണ്ടായതും. പൊലീസ് പ്രതിഷേധക്കാരെ അടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. 

മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് ഉന്തിനുംതള്ളിനും ഇടയാക്കി.

യുവമോർച്ച പ്രവർത്തകർ ബിരിയാണി ചെമ്പുമായി പാലക്കാട് സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ  നേതൃത്വത്തിലായിരുന്നു  പ്രതിഷേധം. റോഡിൽ കുത്തിയിരിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന സ്വപ്ന സുരേഷിൻറെ ആരോപണത്തോടെ സ്വർണ്ണക്കടത്ത് വിവാദം  ഒരിടവേളക്ക് ശേഷം വീണ്ടും ശക്തമാകുkകയാണ്. ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
 
ആവിയായപ്പോയ സ്വർണ്ണക്കടത്ത് -ഡോളർക്കടത്ത് വിവാദങ്ങളെ ചൂട് പിടിപ്പിച്ചാണ് സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി മറന്നു വെച്ച ബാഗിലെ കറൻസിയും ക്ലിഫ് ഹൗസിലേക്ക് കൊണ്ട് പോയ ബിരിയാണി പാത്രത്തിലെ ഭാരമുള്ള വസ്തുവെ കുറിച്ചുള്ള സംശയങ്ങളും വീണ്ടും സ്വർണ്ണക്കടത്തിൽ കോളിളക്കമുണ്ടാക്കും. 

Read Also: മുഖ്യമന്ത്രിയെ മാധ്യമങ്ങളിൽ നിന്ന് രക്ഷിക്കാൻ വിമാനത്താവളത്തിൽ കയർ കെട്ടി സുരക്ഷയൊരുക്കി പൊലീസ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോളർ കടത്തിൽ ഉന്നതർക്കുള്ള പങ്കിനെ കുറിച്ച് സ്വപ്ന സുരേഷ് ഇഡിക്കും കസ്റ്റംസിനും രഹസ്യമൊഴി നൽകിയിരുന്നു. ബിരിയാണിപാത്രത്തെ കുറിച്ചുള്ള വിവരം പക്ഷേ പുറത്തുവന്നിരുന്നില്ല.  ആർക്കൊക്കെ എങ്ങിനെ പങ്ക് എന്നതിൽ പലതരത്തിലുള്ള സംശയങ്ങളാണുയർന്നത്. ഉന്നതർക്കെതിരെ മൊഴി ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നിട്ടും സ്വപ്നക്കും സന്ദീപിനും സരിത്തിനും അപ്പുറത്തേക്ക് കേസ് അന്വേഷണം നീങ്ങിയില്ല. ഇഡി കേസിൽ കുറ്റപത്രവും നൽകിക്കഴിഞ്ഞു. എല്ലാം അവസാനിച്ചെന്ന് കരുതുന്നിടത്താണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.   

സ്വർണ്ണക്കടത്ത് ആരോപണങ്ങളെയും തള്ളിയാണ് ജനം ഭരണത്തുടർച്ച നൽകിയതെന്നാണ് എല്ലായ്പ്പോഴും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളോടെ പ്രതിപക്ഷം വീണ്ടും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു
 
ആരോപണങ്ങളെ കെടി ജലീൽ പരിഹസിച്ച് തള്ളി. ഒരുപാട് വെളിപ്പെടുത്തലുകൾ വന്നതല്ലേ എന്നും കാര്യമാക്കുന്നില്ലെന്നും എം ശിവശങ്കർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഔദ്യോഗിക യാത്രകൾ മാത്രമാണ് നടത്തിയതെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ പ്രതികരിച്ചു. സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന ആക്ഷേപം നേരത്തെ സിപിഎം ഉന്നയിച്ചിരുന്നു. സമാനരീതിയിൽ മുഖ്യമന്ത്രിക്ക് പാർട്ടി പ്രതിരോധം തീർക്കാനാണ് സാധ്യത. 

Read Also: സ്വപ്നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്ക് തുടരാനാകുമോയെന്ന് പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്ന് കെ സുധാകരന്‍

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി