Swapna Suresh : 'കോടതി വിധി തിരിച്ചടിയല്ല'; അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ

By Web TeamFirst Published Aug 19, 2022, 4:56 PM IST
Highlights

സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അറസ്റ്റ് തടയുന്നതിൽ വിജയിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് പ്രതികരിച്ചു.

കൊച്ചി: സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജികൾ തള്ളിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ ആർ കൃഷ്ണരാജ്. നിയമപരമായി കോടതി വിധി വിജയമാണ്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. സ്വപ്നയ്‍ക്കെതിരെ പരാതി വന്ന സാഹചര്യം പരിശോധിക്കണമെന്നും ആർ കൃഷ്ണരാജ് പറഞ്ഞു.

സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. നിയമപരമായി അറസ്റ്റിന്‍റെ പ്രശ്നമേ ഉദിക്കുന്നില്ലെന്നും അത് സർക്കാർ തന്നെ കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും ആർ കൃഷ്ണരാജ് പറഞ്ഞു. സ്വപ്നയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അറസ്റ്റ് തടയുന്നതിൽ വിജയിച്ചു. നിയമപരമായി ഇനി അറസ്റ്റിന്‍റെ പ്രശ്നമേ ഉദിക്കുന്നില്ലെന്നും സർക്കാർ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായുന്നു ആർ കൃഷ്ണരാജ്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി. 

ഗൂഢാലോചന കേസുൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻമന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. എന്നാൽ നിക്ഷിപ്ത താൽപര്യമാണ് സ്വപ്നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Also Read: സ്വപ്നയ്ക്കും പി സി ജോ‍ർജിനും എതിരായ പരാതി; തിരുവനന്തപുരം കേസിൽ കുറ്റപത്രം ഉടൻ

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന 164 പ്രകാരം നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജലീൽ നൽകിയ പരാതിയിൽ സ്വപ്നയ്ക്കെതിരെ  ഗൂഢാലോചന കേസെടുത്തത്.

click me!