Asianet News MalayalamAsianet News Malayalam

സ്വപ്നയ്ക്കും പി സി ജോ‍ർജിനും എതിരായ പരാതി; തിരുവനന്തപുരം കേസിൽ കുറ്റപത്രം ഉടൻ

അറസ്റ്റിന് നീക്കമുണ്ടാകില്ല. പകരം കുറ്റപത്രം വേഗം നൽകി, വിചാരണ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന

Complaint against Swapna Suresh, Charge sheet soon
Author
Thiruvananthapuram, First Published Aug 19, 2022, 2:38 PM IST

കൊച്ചി: മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്ന സുരേഷിനും പി.സി.ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം ഉടൻ. തിരുവനന്തപുരത്തേയും പാലക്കാട്ടേയും കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേസിൽ കുറ്റപത്രം നൽകാനുള്ള നടപടികൾ അന്വേഷണ സംഘം വേഗത്തിലാക്കിയത്. ജലീലിന്റെ പരാതിയിൽ കേസെടുത്തത് കന്റോൺമെന്റ് പൊലീസ് ആണെങ്കിലും നിലവിൽ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്. സ്വപ്നയ്ക്കും പി.സി.ജോർജിനും പുറമേ സരിത്തിനെയും ഈ കേസിൽ പ്രതിയാക്കും. കന്റോൺമെന്റ് പൊലീസ് എടുത്ത കേസ് പ്രകാരം സ്വപ്ന സുരേഷിനും പി.സി.ജോർജിനും എതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ്. എന്നാലും അറസ്റ്റിന് നീക്കമുണ്ടാകില്ല എന്നാണ് സൂചന. പകരം കുറ്റപത്രം വേഗം നൽകി, വിചാരണ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

സ്വപ്നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല

സ്വപ്ന സുരേഷിന് തിരിച്ചടി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കിയാണ് കോടതി സ്വപ്നയുടെ ഹർജി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി. ഗൂഢാലോചന കേസുൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻമന്ത്രി കെ.ടി.ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. 

Follow Us:
Download App:
  • android
  • ios