
തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (swapna suresh) ഇന്ന് ജയിൽ മോചിതയാകില്ല. ജാമ്യ ഉത്തരവും വ്യവസ്ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിതാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്നയ്ക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.
എൻഐഎ കേസ് ഉള്‍പ്പടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും സ്വപ്നയ്ക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് സ്വപ്നയ്ക്ക് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ. കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകൾ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. നടപടികൾ പൂർത്തായായാൽ നാളെ സ്വപ്ന സുരേഷ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കിയതായി ജയിൽ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. സ്വർണ കടത്ത് കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന സുരേഷ് പുറത്തിറങ്ങുന്നത്. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam