
കൊച്ചി: മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമർശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ ഇന്ന് അറിയിക്കും. എന്നാൽ തന്നെ മനപൂർവം കളളക്കേസിൽ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.
ഇതിനിടെ ലൈഫ് മിഷൻ കേസിൽ സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ സിബിഐ ഇന്ന് വീണ്ടും തുടരും. അതേസമയം, സ്വർണക്കത്തുകേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള ലോക്സഭയിലെ ചോദ്യത്തിന് ഇന്നലെ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി പറഞ്ഞില്ല.എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വർണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്.
'എംശിവശങ്കറിനെ തിരിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾ അനുമതി നല്‍കിയിട്ടില്ല':കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി
കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. സ്വപ്ന സുരേഷിൻറെ മൊഴിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ വഴി അറിഞ്ഞെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സ്വപ്ന സുരേഷിൻെറെ മൊഴിയിലാണോ അന്വേഷണം എന്ന് കേന്ദ്രം വിശദീകരിക്കുന്നില്ല. കേസിലെ പ്രതിയായ എം ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾ അനുമതി നല്കിയിട്ടില്ലെന്നും അടുർ പ്രകാശ് എൻകെ പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
'ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുന്നു, എല്ലാം എനിക്കെതിരെ മൊഴികൊടുക്കാത്തതിന്'; പുതിയ ആരോപണവുമായി സ്വപ്ന
സ്വപ്നയെ ഒപ്പം നിര്‍ത്തിയതിൻ്റെ പേരിൽ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് അജി കൃഷ്ണൻ
പാലക്കാട്: എച്ച്.ആര്‍.ഡി.എസിനെ (HRDS) സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ (Aji Krishnan) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ പുതിയ കേസുകൾ വന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ അന്വേഷണ ഏജൻസികൾ ഇപ്പോൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്. സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്.ആര്‍.ഡി.എസിൻ്റെ ഭാഗമാണെന്നും പേ റോളിൽ നിന്നും മാത്രമാണ് അവരെ നീക്കിയതെന്നും അജി കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാൻ സ്വപ്ന സുരേഷിൻ്റെ സഹായം അത്യാവശ്യമാണെന്നും അതിനാൽ അവര്‍ക്ക് സംഘടനയിൽ ഉന്നത പദവി നൽകി ഒപ്പം നിര്‍ത്തിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു.
സ്വപ്ന സുരേഷിനെ HRDട-ൽ നിന്ന് പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കൾ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു. എന്തിനാണ് സ്വപ്നയെ ജോലിക്ക് നിർത്തുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യല്ലിൽ പൊലീസും നിരന്തരം ഇക്കാര്യം ചോദിച്ചു. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് തെറ്റുപറ്റിയതാണ്. അക്കാര്യം അവർ ഏറ്റുപറഞ്ഞതുമാണെന്നും അജികൃഷ്ണൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും മുഖ്യമന്ത്രിക്കില്ലെന്നും അജി കൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam