
കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ കേസിൽ (Jesna Mariya Missing Case) സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഹർജി കേൾക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായിരുന്ന ജെസ്നയെ 2018ലാണ് വെച്ചൂച്ചിറ കുന്നത്തു വീട്ടിൽ നിന്ന് കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19 ന് ഹൈക്കോടതി സിബിഐക്ക് വിട്ടു. ജെസ്‌നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹർജിയിൽ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.
ദുരൂഹമായ കേസ്
2018 മാർച്ച് 22 നാണ് കോളേജിലേക്ക് പോയ ജെസ്‌നയെ കാണാതാകുന്നത്. പിന്നീട് വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാർച്ച് 22-ന് ജെസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. പിന്നീട് ജെസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജെസ്‍നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും പോയി.
ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. ഒടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തില്‍ പ്രചാരണം ഉണ്ടായി. ഇത് വ്യാജമാണെന്ന് സിബി തന്നെ സ്ഥിരീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലടക്കം ജെസ്ന സിറിയിയിൽ എന്ന നിലയിൽ പ്രചാരമുണ്ടായതോടെയാണ് സിബിഐയുടെ വിശദീകരണം നല്‍കിയത്.
ജസ്ന ജീവിച്ചിരിപ്പുണ്ടോ? കേസിൽ ഇനിയെന്ത്? വിരമിക്കുമ്പോൾ കെ ജി സൈമണിന് പറയാനുള്ളത്
'കണ്ടെത്തിയിട്ടില്ല', ജെസ്നയെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമെന്ന് സിബിഐ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam