'കണ്ടെടുത്ത കൊടുവാള്‍ തേങ്ങ പൊതിക്കുന്നത്, ഫോട്ടോ എടുക്കട്ടെയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചു': താഹയുടെ അമ്മ

By Web TeamFirst Published Nov 4, 2019, 5:14 PM IST
Highlights
  • വീട്ടില്‍ തേങ്ങ പൊതിക്കുന്ന കൊടുവാളാണ് പൊലീസ് കണ്ടെടുത്തതെന്ന് താഹ ഫസലിന്‍റെ അമ്മ.
  • പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കൊടുവാളിന്‍റെ ഫോട്ടോയും എടുത്തു.

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത കൊടുവാള്‍ തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതെന്ന് താഹയുടെ അമ്മ. ഉദ്യോഗസ്ഥര്‍ കൊടുവാളിന്‍റെ ഫോട്ടോ എടുത്തെന്നും  താഹയുടെ മുറിയിലും മാതാപിതാക്കളുടെ മുറിയിലും പരിശോധന നടത്തിയെന്നും താഹയുടെ അമ്മ ജമീല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒന്നേകാലിന് പരിശോധനയ്ക്ക്  വീട്ടിലെത്തിയ ഇവര്‍ ഏകദേശം നാലുമണിയാകാറായപ്പോഴാണ് വീട്ടില്‍ നിന്ന് പോയത്. കണ്ടെടുത്ത കൊടുവാള്‍ വീട്ടില്‍ തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതാണെന്നും രാവിലെ തേങ്ങയിടാന്‍ ആളുവന്നപ്പോള്‍ ഇളനീര്‍ പൊട്ടിക്കാന്‍ എടുത്ത ശേഷം വീടിന് മുമ്പില്‍ സൂക്ഷിച്ചതാണെന്നും താഹയുടെ അമ്മ ജമീല പറഞ്ഞു. പരിശോധനക്കിടെ ഇവിടെ ഒരു കൊടുവാള്‍ കണ്ടല്ലോ എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ താന്‍ ഈ കൊടുവാള്‍ എടുത്ത് കൊടുത്തു. ഇത്തരം കൊടുവാള്‍ തങ്ങളുടെ വീട്ടിലും തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ എന്തായാലും ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ച് കൊടുവാളിന്‍റെ ഫോട്ടോ എടുക്കുകയായിരുന്നെന്നും ജമീല പറഞ്ഞു.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിര്‍ത്തു. പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ  സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ  കോടതിയിൽ പറഞ്ഞു. 

"

click me!