അഞ്ജു ഷാജിയെ മാനസികമായി തളർത്തി, കോളേജിന് എതിരെ അന്വേഷണസമിതി

By Web TeamFirst Published Jun 11, 2020, 8:43 AM IST
Highlights

പരീക്ഷയ്ക്കിടെ ക്രമക്കേട് കണ്ടെത്തിയാൽ വിദ്യാ‍‍ർത്ഥിയെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സ‍ർവകലാശാല ചട്ടം. ബിവിഎം കോളേജ് ഇതു ലംഘിച്ചെന്ന് അന്വേഷണസമിതി. 

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ചേ‍‍ർപ്പുങ്കൽ ബിവിഎം കോളേജിനെതിരെ  എംജി സർവകലാശാല അന്വേഷണ സമിതി. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ​ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ. 

പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാ‍‍ർത്ഥിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സ‍ർവകലാശാല ചട്ടമെന്നും ബിവിഎം കോളേജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളർത്തിയെന്നും അന്വേഷണസമിതിയുടെ വിലയിരുത്തൽ. 

ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാൻസല‍ർക്ക് റിപ്പോ‍ർട്ട് നൽകും. ഡോ.എംഎസ് മുരളി,ഡോ. അജി സി പണിക്കർ,പ്രൊഫസർ  വിഎസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങൾ. അന്വേഷണസംഘം ഇന്നലെ രാവിലെ കോളേജലെത്തി വിവരം ശേഖരിച്ചിരുന്നു. 

അതേസമയം അഞ്ജുവിൻറെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാൾടിക്കറ്റിൻറെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിൻേറതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിൻറെ പഴയ നോട്ട്ബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് ശേഖരിച്ചു. 

നോട്ട്ബുക്കും ഹാൾടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ വ്യക്തത വരും. അതേസമയം അഞ്ജു ഷാജി ചാടിയെന്ന് സംശയിക്കുന്ന ചേർപ്പുങ്കൽ പാലത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി

click me!