ഭൂമി ഇടപാട്: വിശ്വാസികളുടെ കൂട്ടായ്മ വീണ്ടും സമരത്തിന്; സിനഡ് യോഗം ഉപരോധിക്കുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Jan 2, 2020, 12:23 PM IST
Highlights

ഭൂമി ഇടപാടിലൂടെ സഭയ്ക്ക് 41.5 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് കണക്ക്

നഷ്ടം നികത്താൻ സിനഡിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ല

നഷ്ടം നികത്താനുള്ള നടപടി വിശദീകരിക്കണമെന്ന് സിനഡിനോട് അൽമായ നേതൃത്വം

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സിറോ മലബാര്‍ സഭയിൽ വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു. വിഷയത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചും വിവിധ കാര്യങ്ങളിൽ വ്യക്തത തേടിയും അൽമായ മുന്നേറ്റം സിനഡിന് കത്ത് നൽകി. ഇന്നുച്ചയ്ക്ക് ചേരുന്ന അൽമായ മുന്നേറ്റത്തിന്റെ യോഗത്തിൽ ഭാവി സമരപരിപാടികളെ കുറിച്ച് തീരുമാനിക്കും.

ഭൂമി ഇടപാടിലൂടെ സഭയ്ക്ക് 41.5 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് കണക്ക്. ഇതിനെതിരെ വൈദികരടക്കം പരസ്യമായി സമരരംഗത്തേക്ക് വന്നിരുന്നു. പിന്നീട് വത്തിക്കാന്റെ ഇടപെടൽ വന്നതോടെ ശാശ്വതമായ പരിഹാരം ഉണ്ടായെന്ന പ്രതീതി വന്നു. ഭരണപരമായ കാര്യങ്ങളിൽ മാറ്റം വന്നത് ഇതേത്തുടര്‍ന്നാണ്. ഭൂമി ഇടപാടിലൂടെയുണ്ടായ നഷ്ടം നികത്താനും വത്തിക്കാനിൽ നിന്ന് സിനഡിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു.

എന്നാൽ ഭൂമി ഇടപാടിലൂടെ നേരിട്ട നഷ്ടം നികത്താൻ സിനഡിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ല. കുറ്റക്കാരായവര്‍ക്ക് എതിരെ കൂടുതൽ നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അൽമായ മുന്നേറ്റം സമരരംഗത്തേക്ക് ഇറങ്ങുന്നത്. ജനുവരി എട്ടിന് സിറോ മലബാര്‍ സഭ സിനഡ് വര്‍ഷകാല സമ്മേളനം ആരംഭിക്കും. 

ഇതിന് മുന്നോടിയായി അൽമായ നേതൃത്വം സിനഡിന് കത്ത് നൽകി. ഭൂമി ഇടപാടിലൂടെയുണ്ടായ 41.5 കോടി നഷ്ടം നികത്താനുള്ള നടപടി വിശദീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണക്കാരായവരിൽ നിന്ന് നഷ്ടം ഈടാക്കാനുള്ള ഇടപെടൽ സ്വീകരിച്ചോയെന്നും അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിശദീകരിച്ചില്ലെങ്കിൽ സിനഡ് യോഗം ഉപരോധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് അൽമായ മുന്നേറ്റം യോഗം ചേരുന്നുണ്ട്. ഭാവി സമരപരിപാടികൾ ഇതിൽ തീരുമാനിക്കും.

click me!