
കൊച്ചി: സിറോ മലബാർ സഭയുടെ നിർണായക സിനഡ് നാളെ കൊച്ചിയിൽ തുടങ്ങും. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന, വ്യാജരേഖ വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനഡ് പരിശോധിക്കുമെന്ന് സഭ അറിയിച്ചു. തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടങ്ങാനാണ് വിമതരുടെ തീരുമാനം.
പതിവിൽ നിന്നും വ്യത്യസ്തമായി പതിനൊന്നു ദിവസമാണ് ഇത്തവണ സിനഡ് യോഗം ചേരുന്നത്. സിറോ മലബാർ സഭയിലെ 63 മെത്രാന്മാരിൽ 57 പേർ സിനഡിൽ പങ്കെടുക്കും. അനാരോഗ്യവും പ്രായാധിക്യവും മൂലം ബാക്കിയുള്ളവർ പങ്കെടുക്കില്ല. നാളെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സിനഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
അതിരൂപതയിലെ ഭൂമി വിൽപ്പന, വ്യാജരേഖ വിവാദം തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം സിനഡ് ചർച്ച ചെയ്യും. വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും, മേജർ സെമിനാരികളിലെ റെക്ടർമാരും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ചരിത്രത്തിൽ ആദ്യമായി അൽമായ നേതാക്കളുമായും സിനഡ് അംഗങ്ങൾ ചർച്ച നടത്തും. ഇതിനിടെ അതിരൂപതക്ക് പുതിയ അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്നതുൾപ്പെടെയുള്ള, ആവശ്യങ്ങൾ അടങ്ങിയ നിവേദനം വിമത വിഭാഗം രൂപീകരിച്ച അതിരൂപത അൽമായ മുന്നേറ്റ സമിതി അംഗങ്ങൾ സിനഡിന് നൽകും.
സിനഡ് ഭരണത്തിലും ക്രയവിക്രയത്തിലും അൽമായർക്ക് കൂടി പങ്കാളിത്തമുള്ള സമിതി രൂപീകരിക്കണം എന്നും വിമതർ ആവശ്യപ്പെടുന്നുണ്ട്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട രണ്ടു ബിഷപ്പുമാരെയും പൂർണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയും വിമതരുടെ പ്രധാന ആവശ്യങ്ങളാണ്. കർദ്ദിനാളിനെതിരെ സമരം ചെയ്ത വൈദികർക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി കർദ്ദിനാള്‍ പക്ഷവും രംഗത്തുണ്ട്. ഇതുൾപ്പെടെ വിവാദ വിഷയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളായിരിക്കും സിനഡിനെ നിർണായകമാക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam