
മുസ്ലീം ലീഗിൻ്റെ കോട്ടയായിരുന്നു താനൂർ നിയമസഭ മണ്ഡലം. സിഎച്ച് മുഹമ്മദ് കോയ ആയിരുന്നു മണ്ഡലം രൂപീകൃതമായതിനുശേഷമുള്ള രണ്ട് തവണവും മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീട് വന്ന ദശകങ്ങളിൽ യുഎ ബീരാൻ, ഇ അഹമ്മദ്, പി സീതി ഹാജി, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയ പ്രമുഖ നേതാക്കളിലൂടെ മുസ്ലിം ലീഗ് മണ്ഡലത്തിൽ വലിയ ആധിപത്യം ഉറപ്പിച്ചു. 2011വരെ ലീഗ് മാത്രമായിരുന്നു മണ്ഡലത്തിൽ വിജയിച്ചിരുന്നത്. 2016-ൽ വൻ അട്ടിമറിയാണ് മണ്ഡലത്തിൽ സംഭവിച്ചത്. 2016-ൽ വി അബ്ദുറഹ്മാൻ എന്ന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയിലൂടെ താനൂർ കോണി ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം താനൂരിൽ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഇടതുപക്ഷ അടിത്തറക്ക് വലിയ രീതിയിൽ പരിക്കേൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ ഇടതു മുന്നണിയിൽനിന്നും പിടിച്ചെടുത്ത നിറമരുതൂർ പഞ്ചായത്ത് നിലനിർത്താൻ യുഡിഎഫിന് സാധിച്ചിരുന്നില്ല. താനൂർ നഗരസഭയിലും ഒഴൂർ,ചെറിയമുണ്ടം പഞ്ചായത്തുകളിലും ഭരണം നിലനിർത്താനായതും 22 വർഷത്തെ ഇടതു ആധിപത്യം തകർത്ത് താനാളൂർ പഞ്ചായത്ത് എൽഡിഎഫിൽനിന്നും തിരിച്ചു പിടിക്കാനായതും യുഡിഎഫിന് നേട്ടമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച ഭൂരിപക്ഷം ലഭിക്കാറുള്ള താനാളൂരിലെ വമ്പൻ തോൽവി എൽഡിഎഫ് നേരിടേണ്ടി വന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ മുന്നേറ്റമാണ് യുഡിഎഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ നൽകുന്നത്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 9,433 വോട്ടുകളുടെ ഭൂരിപക്ഷകത്തിനാണ് മുസ്ലീം ലീഗിൻ്റെ അബുദുൾ റഹ്മാൻ രണ്ടത്താണി സിപിഎമ്മിൻ്റെ ഇ ജയനെ തോൽപ്പിച്ചത്. 2016ലെ തെരഞ്ഞെടുപ്പിലാണ് അട്ടിമറി സംഭവിക്കുന്നത്. എൽഡിഎഫിൻ്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹിമാൻ മണ്ഡലത്തിൽ അട്ടിമറി വിജയം കൈവരിക്കുകയായിരുന്നു. 4,918 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വിജയിച്ചത്. മുസ്ലീം ലീഗിൻ്റെ അബ്ദുറഹിമാൻ രണ്ടത്താണിയെയാണ് പരാജയപ്പെടുത്തിയത്. 2021ലും വി അബുദുറഹിമാൻ തന്നെയാണ് വിജയിച്ചത്. 985 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. മുസ്ലീം യൂത്ത് ലീഗിൻ്റെ പികെ ഫിറോസ് ആയിരുന്നു എതിർ സ്ഥാനാർഥി. ഈ നേരിയ ഭൂരിപക്ഷം യുഡിഎഫ് കേന്ദ്രങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
മന്ത്രി' മണ്ഡലം നിലനിർത്താൻ എൽഡിഎഫും 'കോണി' വിട്ട മണ്ഡലം തിരികെ പിടിക്കാൻ യുഡിഎഫും സീറ്റ് പിടിക്കണമെന്ന വാശിയിൽ ബിജെപിയും ട്വൻ്റി20യും കച്ചകെട്ടിയിറങ്ങിയാൽ താനൂരിലെ തീരദേശ മണ്ണിൽ രാഷ്ട്രീയക്കാറ്റ് വീശുമെന്ന കാര്യത്തിൽ സംശയമില്ല. അബ്ദുറഹിമാൻ മന്ത്രിയായതോടെ മണ്ഡലത്തിലെ വികസനത്തിന് അതിവേഗമായി എന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. പത്ത് വർഷത്തിനിടെ 2204 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
സ്ഥാനാർഥികൾ
ഇത്തവണ വി അബ്ദുറഹിമാൻ ജന്മനാട്ടില്‍ മത്സരിക്കാൻ തീരുമാനിച്ചതോടെ എൽഡിഎഫ് പുതുമുഖത്തെ താനൂർ മണ്ഡലത്തിൽ ഇറക്കുകയായിരുന്നു. ഇടതുപക്ഷ സഹയാത്രികനും ജീവകാരുണ്യ - സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ടി മുഹമ്മദ് സമീറാണ് താനൂരിലെ ഇപ്രാവശ്യത്തെ എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തെ കുറിച്ച് നന്നായി അറിയുന്ന സമീറിന് താനൂർ വീണ്ടും ചുവപ്പിക്കാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് യുഡിഎഫ് സ്ഥാനാർഥി. ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ എൻ മുത്തുക്കോയ തങ്ങളായിരിക്കും മത്സരിക്കുക എന്ന അഭ്യൂഹങ്ങൾ ആദ്യം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വള്ളിക്കുന്ന് സ്വദേശിയായ നവാസിലേക്ക് വഴുതിമാറുകയായിരുന്നു. ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കലാണ് എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam