'മുത്തൂറ്റിന്‍റെ നടപടി നീതിയുക്തമല്ല': അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കിൽ നിയമ നടപടിയെന്ന് മന്ത്രി, നാളെ വീണ്ടും യോഗം

By Web TeamFirst Published Feb 5, 2020, 12:08 PM IST
Highlights

ഹൈക്കോടതി മധ്യസ്ഥന്‍റെയും അഡീഷണൽ ലേബർ കമ്മീഷണറുടെയും  സാന്നിധ്യത്തില്‍ മുത്തൂറ്റ് ഫിനാൻസിലെ  തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ നടത്തിയ  മുന്നാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു.  

തിരുവനന്തപുരം: മുത്തൂറ്റ് മാനേജ്‍മെന്‍റിന്‍റെ നടപടി നീതിയുക്തമല്ലെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. തൊഴില്‍ തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി മധ്യസ്ഥന്‍റെയും അഡീഷണൽ ലേബർ കമ്മീഷണറുടെയും  സാന്നിധ്യത്തില്‍ മുത്തൂറ്റ് ഫിനാൻസിലെ  തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ നടത്തിയ  മുന്നാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു.  ഇതിന് പിന്നാലെ നാളെ വീണ്ടും യോഗം ചേരുന്നുണ്ട്. 

പിരിച്ച് വിട്ട 164 തൊഴിലാളികളേയും തിരിച്ചെടുക്കാൻ മുത്തൂറ്റ് മാനേജ്‍മെന്‍റ് തയ്യറായിട്ടില്ല.മാനേജ്‍മെന്‍റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്നാണ്  സിഐടിയു അനുകൂല സംഘടന മുത്തൂറ്റിൽ സമരം തുടങ്ങിയത്. സമരം അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീർപ്പ് ചർച്ചകൾക്ക് നിർദ്ദേശിച്ചത്. എന്നാല്‍ മൂന്നാംവട്ട ചര്‍ച്ചയും പരാജയമായിരുന്നു. സിഐടിയുവിന് വേണ്ടി എ എം ആരിഫ് എം പി,  കെ ചന്ദ്രൻ പിള്ള,  കെ എൻ ഗോപിനാഥ്‌ എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.  

click me!