ട്രഷറി നിയന്ത്രണത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം, ആരോപണം തള്ളി ധനമന്ത്രി

By Web TeamFirst Published Feb 5, 2020, 11:30 AM IST
Highlights

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള 1201 കോടി രൂപയുടെ ബില്ലുകള്‍ ഇതു വരെ പാസാക്കാതെ കിടക്കുകയാണെന്നും അസാധാരണമായ ഇത്തരമൊരു പ്രതിസന്ധി ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും കെസി ജോസഫ് സഭയില്‍ ആരോപിച്ചു.

തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നരമാസത്തിലേറെ ബാക്കി നില്‍ക്കുമ്പോള്‍ തന്നെ ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. എന്നാല്‍ ട്രഷറിയില്‍ സാധാരണ രീതിയിലുള്ള നിയന്ത്രണങ്ങള്‍ മാത്രമേ ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അതുബാധിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി.

ട്രഷറി നിയന്ത്രണം മൂലം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തം പ്രതിസന്ധിയിലായെന്നും ഇക്കാര്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും കെസി ജോസഫ് എംഎല്‍എയാണ് അടിയരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള 1201 കോടി രൂപയുടെ ബില്ലുകള്‍ ഇതു വരെ പാസാക്കാതെ കിടക്കുകയാണെന്നും അസാധാരണമായ ഇത്തരമൊരു പ്രതിസന്ധി ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും കെസി ജോസഫ് സഭയില്‍ ആരോപിച്ചു.

അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ഇന്നു മുതല്‍ കൊടുത്തു തുടങ്ങുമെന്നും അനാവശ്യ ആശങ്ക സൃഷ്ടിക്കരുതെന്നും ധനമന്ത്രി സഭയില്‍ മറുപടിയായി പറഞ്ഞു. മുന്‍പും പലതവണ ഇത്തരം നിയന്ത്രങ്ങള്‍ ട്രഷറിയില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

 

click me!