
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ച വാർത്ത ഞെട്ടലോടെയാണ് കേരള ജനത അറിയുന്നത്. ഒപ്പം സഹപ്രവർത്തകന്റെ വേർപാട് ഉൾക്കൊള്ളാൻ കാവ്യലോകത്തുള്ളവർക്കും കഴിഞ്ഞിട്ടില്ല. അനിലിന്റെ വേർപാട് ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് കവി മുരുകൻ കാട്ടാക്കട ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ...
ഒരു മാധ്യമപ്രവർത്തകൻ വിളിച്ചപ്പോൾ അത് വ്യാജ വാർത്തയാണെന്ന് തോന്നി. ഹരിനാരായണനെ വിളിച്ച് അന്വേഷിച്ചു. തിരിച്ചുവിളിച്ച ഹരിയാണ് കുറച്ചുമുമ്പ് അനിൽ അന്തരിച്ചുവെന്ന് പറഞ്ഞത്.
ഒരിക്കലും എനിക്കിത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഇന്നലെ ഒരുപട് സമയം എന്നോട് അനിൽ സംസാരിച്ചിരുന്നു. അനിൽ കാട് എന്ന പേരിൽ ഒരു സിനിമ ഇറക്കുകയാണ്. അനി സംവിധാനം ചെയ്യുന്ന സിനിമയിൽ മുരുകൻ കാട്ടാക്കട പാട്ടെഴുതുന്നു എന്ന് വരണമെന്നാണ് അനി പറഞ്ഞത്.
പണ്ട് വി ഭാസ്കരന്റെ സിനിമയിൽ ശ്രീകുമാരൻ തമ്പി പാട്ടെഴുതിയ പോലൊരു സംസ്കാരം നമുക്ക് തുടരണമെന്നും, ആ പശ്ചാത്തലം എനിക്ക് പറഞ്ഞുതരികയും ചെയ്തു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് എന്നോട് സംസാരിച്ചത്. അദ്ദേഹം കൊവിഡ് ബാധിതനാണെന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല. കാടിനെ കുറിച്ചാണ് എന്നോട് സംസാരിച്ചത് മുഴുവൻ.
മലയാള കാവ്യ ശാഖയെ ദൃശ്യ, ശബ്ദ മാധ്യമങ്ങൾ ഉപയോഗിച്ച് പുതിയ തലമുറയ്ക്ക് സുപരിചതമാക്കിയ ആളാണ്. എന്റെ സഹോദരനാണ് അദ്ദേഹമെന്നും കർമരംഗത്തെ ബന്ധത്തിനപ്പുറത്ത് വ്യക്തിപരമായ ബന്ധങ്ങളും ഉള്ള ആളായിരുന്നു അനിലെന്നും, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam