
തൃശ്ശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ഇന്നും തുടരും. സമരത്തിന്റെ ഭാഗമായി ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. ശമ്പള വർധന സംബന്ധിച്ച് തൃശ്ശൂർ അതിരൂപതയുമായി ഇന്നലെ നടന്ന ചർച്ച ഫലമാകാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ നഴ്സുമാർ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തുകയും ബിഷപ്പ് ഹൗസ് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം പുലർച്ചെ മൂന്ന് മണിവരെ നീണ്ടുനിന്നു.
സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ചത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് യുഎൻഎ വ്യക്തമാക്കി. സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികൾ ഇടക്കാല ശമ്പളാശ്വാസം നൽകുന്നതിൽ പ്രശ്നമില്ലെന്നും, അമലയും ജൂബിലി മിഷനും മാത്രമാണ് അനുകൂല നിലപാട് സ്വീകരിക്കാത്തതെന്നും സംഘടന ആരോപിച്ചു.
അതേസമയം, സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. നഴ്സുമാരുടെ മിനിമം വേതനം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്നും, വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിൽ മന്ത്രിയുമായും ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നഴ്സുമാരുടെ സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. "ആരെയും സ്ഥലംമാറ്റാൻ കഴിയില്ലെങ്കിൽ മന്ത്രിസ്ഥാനത്തിന്റെ ആവശ്യകത എന്താണ്?" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam