
ചെന്നൈ: പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെങ്കാശിയിൽ വോട്ടിന് പണം നൽകാനുള്ള നീക്കത്തിൽ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു. തെങ്കാശി ആലങ്കുളം സ്ഥാനാർഥി കെആര്‍പി പ്രഭാകരനെതിരെ ആണ് കേസെടുത്തത്. അൻപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. വോട്ടിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു.
കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5000 രൂപനൽകുന്നതായും ആരോപണം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ജില്ലാ കളക്ടര്‍ക്ക് പരാതി നൽകി. കരൂരിൽ നിന്നുള്ളവരാണ് പണം നൽകുന്നതെന്നും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കെ അർജുനൻ ആരോപിച്ചു. പരസ്യ പ്രചാരണം അവസാനിച്ചശേഷവും മണ്ഡലത്തിൽ തുടരാനായി കരൂർ സ്വദേശികളായ 18 പേരെ ബാലാജി കോയമ്പത്തൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ആണ് പണം വിതരണം ചെയ്യുന്നതെന്നാണ് പരാതി.
ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒവൈസി വ്യക്തമാക്കി. ലീഗ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നും ഒവൈസി പറഞ്ഞു. ഇതിനിടെ, പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം വീഡിയോ സന്ദേശവുമായി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. സർക്കാരിന്‍റെ നേട്ടങ്ങൾ ഓർമിപ്പിച്ചും ബിജെപി തമിഴ്നാടിന് എതിരെന്ന് ആവർത്തിച്ചുമാണ് സ്റ്റാലിന്‍റെ വീഡിയോ സന്ദേശം. തെരഞ്ഞെടുപ്പിനിടെ മണ്ഡല പുനർനിർണയത്തിനു ശ്രമിച്ചവർ വോട്ട് കഴിഞ്ഞാൽ എന്തെല്ലാം ചെയ്യുമെന്ന് സ്റ്റാലിൻ ചോദിച്ചു. സ്റ്റാലിൻ കരുണാനിധിയെക്കാളും അപകടകാരി എന്ന് ചിലർ പറയുന്നു. തമിഴ്നാടിന്റെ വളർച്ച തടയാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാലിൻ അപകടകാരി ആകും. താൻ ഇപ്പോൾ തമിഴ്നാട്ടിൽ അപ്പന്റെ സ്ഥാനത്താണ്. ഡിഎംകെ ഹിന്ദുവിരുദ്ധർ അല്ലെന്നുംഇത്രയധികം ക്ഷേത്രങ്ങൾ പുനരുദ്ധരിച്ച മറ്റൊരു സർക്കാർ ഇല്ലെന്നും ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ ആദ്യം ഇറങ്ങുക താൻ ആണെന്നും സ്റ്റാലിൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam