
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി തമിഴ്നാടും. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്നാട് പിൻവലിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ആക്‌ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.
സംസ്ഥാന ജനസംഖ്യയിൽ ഭൂരിപക്ഷം പേർക്കും വാക്സീൻ നൽകുകയും രോഗബാധാ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. 18 വയസിന് മുകളിലുള്ള 92% പേർ ഇതിനകം ഒന്നാം ഡോസും 72% പേർ രണ്ടാം ഡോസും സ്വീകരിച്ചു. 23 കൊവിഡ് കേസുകൾ മാത്രമാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിയമപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നേരത്തെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മഹാരാഷ്ട്രയിൽ ഇപ്പോൾ മാസ്കും നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിർദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കി.
കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്. അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam