
പാലക്കാട് : റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് കേരള അതിര്‍ത്തിയായ വാളയാര്‍. ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സിപിഎമ്മിന്‍റെ പുതുശേരി പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ട് കുമാറും പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ശിവയുമാണ്. എത്ര ക്വിന്‍റല്‍ അരിവേണമെങ്കിലും സുരക്ഷിതമായി പാലക്കാട് ജില്ല കടത്തിത്തരാമെന്നാണ് ഇരുവരുടേയും വാഗ്ധാനം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് കടത്തെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
മില്ലുടമകളെന്ന് പരിചയപ്പെടുത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം തമിഴ് നാട് റേഷനരി തേടി വാളയാറിലെത്തിയത്. സ്ഥലത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സിപിഎം പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ട് കുമാറിന്‍റെ നേതൃത്വത്തിലെന്നായിരുന്നു. ആല്‍ബര്‍ട്ട് കുമാറിനെ കണ്ട് കാര്യം പറഞ്ഞു. തൃശൂരിലേക്ക് ലോഡ് വേണമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് നൂറ് ടണ്‍ അരി വേണമെങ്കിലും തരാമെന്ന് ആല്‍ബര്‍ട്ട് കുമാര്‍ അറിയിച്ചു. തുകൊണ്ട് മാത്രം ജീവിക്കുന്ന പത്തിരുപത് പിള്ളാര് തനിക്കൊപ്പമുണ്ടെന്നും ആല്‍ബര്‍ട്ട് വെളിപ്പെടുത്തി. പതിനെട്ട് രൂപയാണ് ഒരു കിലോ അരിക്ക് ആൽബർട്ട് ചോദിച്ചത്. ഒരുമണിക്കൂറിനുള്ളില്‍ അരിയുടെ ഫോട്ടോ വാട്സാപ്പില്‍ തരാമെന്നും ആദിവാസി ഊരുകളില്‍ പച്ചക്കറിവിതരണത്തിന്‍റെ തിരക്കുണ്ടെന്നും പറഞ്ഞ് ആല്‍ബര്‍ട്ട് കുമാര്‍ മടങ്ങി.
ഓണവിപണി ലഭ്യമിട്ട് അരി കടത്ത്; തമിഴ്നാട് റേഷനരി കേരളത്തിലേക്ക് കടത്തുന്നത് ഇരട്ടിവിലയ്ക്ക്
രണ്ട് ദിവസത്തിനുശേഷം ഇടപാടുറപ്പിക്കാന്‍ കുമാര്‍ സാംപിളുമായി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ശിവ എന്നയാളെ അയച്ചു. ദിവസവും പത്തുമുതല്‍ പന്ത്രണ്ട് ടണ്‍ അരിവരെ കേരളത്തിലേക്ക് കടത്തുമെന്നാണ് ശിവ പറഞ്ഞു. നാലു ടണ്‍ എടുക്കാമെന്നു പറഞ്ഞപ്പോള്‍ വാളയാര്‍ ടോള്‍ കടത്തിത്തരാമെന്ന വാഗ്ദാനവുമുണ്ടായി. രണ്ട് വണ്ടിയില്‍ എക്സ്കോട്ടിന് ആളെയും തരാമെന്നും വിശദീകരിച്ചു. അരിക്ക് വില കൂടുതലെന്നു പറഞ്ഞപ്പോള്‍ നല്‍കേണ്ടി വരുന്ന കൈക്കൂലിയുടെ കണക്കും ശിവ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വെളിപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് കടത്തെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പും ശിവ നല്‍കി. ആഴ്ചയ്ക്ക് പത്ത് ടണ്‍ എടുക്കാമെന്ന് കൈകൊടുത്ത് പിരിയുമ്പോള്‍ പണം കൈമാറ്റമടക്കം പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ടുമായി സംസാരിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. ഇങ്ങനെയാണ് വാളയാർ വഴിയുള്ള അരിക്കടത്ത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam