
ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും പിടിയിലായവരിൽ ഉള്‍പ്പെടുന്നു. അണ്ണാ ഡിഎംകെ പ്രവർത്തകരായ ദീപക്, സൂര്യ എന്നിവരാണ് പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിൽ കലാപാഹ്വാനം നടത്തിയതിനെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
തമിഴ്നാടിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും കൊള്ളിവയ്പ്പുമാണ് ഇന്നലെ കള്ളാക്കുറിച്ചിയിൽ നടന്നത്. പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകൾ അക്രമികൾ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തകർത്തു. പാഠപുസ്തകങ്ങളും സ്കൂൾ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങൾ ചിലർ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍ നിരവധി സമരക്കാർക്കും ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതിലേറെ പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസെത്തിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.
Read More: ജീവനൊടുക്കി വിദ്യാർത്ഥിനി, ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകരുടെ പേരുകള്‍; കള്ളാക്കുറിച്ചി കത്തുന്നു
സംഘർഷ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ 500 പൊലീസ് കമാൻഡോമാരടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കള്ളാക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ പെൺകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പാളിനേയും ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് പൊലീസ് ചെയ്തു. അതേസമയം, ജീവനൊടുക്കിയ പെൺകുട്ടിയുടെ മൃതശരീരം ഇനിയും കുടുംബം ഏറ്റുവാങ്ങിയിട്ടില്ല.
തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരമാണ് അക്രമാസക്തമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam