ടാങ്കര്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; കൊച്ചിയില്‍ കുടിവെള്ള വിതരണം രാത്രിയോടെ പുന:സ്ഥാപിക്കും

By Web TeamFirst Published Jan 1, 2020, 6:59 PM IST
Highlights

ജില്ലാ കളക്ടർ എസ്  സുഹാസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് രാത്രി മുതല്‍ ജലവിതരണം വീണ്ടും തുടങ്ങുമെന്ന് ടാങ്കര്‍ ഉടമകള്‍ അറിയിച്ചു.
 

കൊച്ചി: കൊച്ചിയിൽ കുടിവെള്ള ടാങ്കര്‍ ഉടമകള്‍ നടത്തിവന്ന സമരം അവസാനിച്ചു. ജില്ലാ കളക്ടർ എസ്  സുഹാസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് രാത്രി മുതല്‍ ജലവിതരണം വീണ്ടും തുടങ്ങുമെന്ന് ടാങ്കര്‍ ഉടമകള്‍ അറിയിച്ചു.

ഇന്ന് മുതല്‍ ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ടാങ്കര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയത്. 

കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകാൻ വാട്ടർ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കുടിവെള്ളം അല്ലാതെ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം കിണറുകളിൽ നിന്നും പാറമടകളിൽ നിന്നും എടുക്കാൻ ടാങ്കറുകൾക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം ടാങ്കറുകള്‍ ബ്രൗണ്‍ നിറത്തിലാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

click me!