
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തന്ത്രിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് നടപടി. ഡോക്ടർമാരുടെ റിപ്പോർട്ട് വന്നതിന് ശേഷം വൈകുന്നേരത്തോടെ മാത്രമേ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനെ കുറിച്ച് വ്യക്തമാവൂ. നേരത്തേ, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്ന് കഴിക്കുന്നുണ്ട്. നിലവിൽ കാലിൽ നീരുമുണ്ട്.
ഇന്ന് രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു. തന്ത്രിയുടെ രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്. തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യതസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam