
മലപ്പുറം: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആ.വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും ഒപ്പം പോയ യുവാവിൻ്റേത് സഹായമെന്ന നിലയിലാണ് ഇപ്പോൾ കാണുന്നതെന്നും എസ്‌പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആർപിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോൾ തന്നെ പോലീസ് സജീവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാനായത്. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന് വിശദാമായി ചോദിച്ച് അറിയേണ്ടതുണ്ട്. മിനിഞ്ഞാന്ന് വൈകീട്ട് 6 മണിക്കാണ് കാണാതെ ആയ വിവരം കിട്ടിയത്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. കുട്ടികളുമായി നാളേ ഉച്ചയ്ക്ക് മുൻപ് പൊലീസ് സംഘം മലപ്പുറത്ത് എത്തും. കുട്ടികൾക്കൊപ്പം പോയ യുവാവിന്റേത് സഹായം എന്ന നിലക്ക് ആണ് ഇപ്പോൾ കാണുന്നത്. കുട്ടികൾ വന്നിട്ട് ബാക്കി കാര്യങ്ങൾ വിശദമായി ചോദിച്ചറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യമായ കൗൺസലിങ് നൽകണം. കുട്ടികളെ സുരക്ഷിതമായി കണ്ടെത്താൻ മുംബൈയിലെ സ്വന്തം ബാച്ച് മേറ്റ്സിനെ ഒക്കെ വിളിച്ചു സഹായം തേടി. മുംബൈ ഒരു മഹാനഗരമാണ്. അവിടെ ഒരാളെ കാണാതായാൽ കണ്ടെത്തുക എളുപ്പമല്ല. ഈ ദൗത്യം വിജയകരമായി പൂർത്തിയായത് മാധ്യമങ്ങളുടെയടക്കം മികച്ച ഇടപെടൽ കൊണ്ടാണ്. കുട്ടികളുടെ യാത്രാ ലക്ഷ്യം എങ്ങോട്ടാണെന്നത് ഒക്കെ അവരോട് ചോദിച്ചു മനസ്സിലാക്കണം. അവരുടെ കയ്യിൽ എങ്ങനെ ഇത്ര പണം എന്നതും തിരക്കണം. കുട്ടികൾ വന്നാൽ ആദ്യം കോടതിയിൽ ഹാജരാക്കും. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്നു കണ്ടെത്തണം. ഇയാൾക്ക് നിലവിൽ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും എസ്‌പി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam