
ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ. എന്നാൽ ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കുമെന്നും താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാകാൻ ശശി തരൂർ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സമിതി അംഗത്വം തന്നെ വേണമെന്ന നിലപാടിലാണ് തരൂർ. വിമർശനങ്ങൾ ഒഴിവാക്കാൻ പ്രത്യേക ക്ഷണിതാവാക്കി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. പ്രത്യേകം ക്ഷണിതാവായാൽ എല്ലാ യോഗങ്ങളിലും പങ്കെടുക്കാനാവില്ല. നേതൃത്വം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ പങ്കെടുക്കാമെങ്കിലും, അഭിപ്രായ പ്രകടനങ്ങൾക്ക് പോലും പരിമിതിയുണ്ട്. പുതിയ പ്രവർത്തക സമിതിയെ നാമനിർദേശം ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നേതൃത്വത്തെ ചോദ്യം ചെയ്യാത്ത, നേതാക്കളുടെ അടുപ്പക്കാരെ ഉൾപ്പെടുത്താനായിരിക്കും ശ്രമിക്കുക എന്ന ആക്ഷേപം ചില കോണുകളിൽ നിന്നെങ്കിലും ഉയരുന്നുണ്ട്. പ്ലീനറിക്ക് പിന്നാലെ തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ ഇതേ ചൊല്ലിയാകും തർക്കം.
Also Read: കോൺഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ സുധീരൻ, ഖർഗെയ്ക്ക് കത്തയച്ചു