
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 350.71 കിലോ സ്വർണം പിടികൂടിയതായി, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. മതിയായ രേഖകൾ ഇല്ലാതെയും അപൂർണമായതും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചും കടത്തിയ സ്വർണമാണിത്. ഇങ്ങനെയെത്തിച്ച സ്വർണത്തിന് പിഴയീടാക്കിയ വഴി, സർക്കാരിന് 14.62 കോടി രൂപ ലഭിച്ചു. സ്വർണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പരിശോധനകളിലൂടെയാണ് നികുതി വെട്ടിപ്പ് കണ്ടെത്താനായതെന്ന് നികുതി വകുപ്പ് അറിയിച്ചു.
വകുപ്പിന് കീഴിലുള്ള ഇന്റലിജൻസ് വിഭാഗം വാഹന പരിശോധനകളിലൂടെയും ജ്വല്ലറികൾ, ഹാൾ മാർക്കിംഗ് സ്ഥാപനങ്ങൾ, സ്വർണാഭരണ നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലൂടെയുമാണ് നികുതി വെട്ടിപ്പ് കണ്ടെത്താനായത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു. സ്വർണാഭരണങ്ങൾക്ക് പുറമേ, സ്വർണ ബിസ്ക്കറ്റുകളും ഉരുക്കിയ നിലയിലുള്ള സ്വർണവും പരിശോധനയിലൂടെ പിടികൂടി. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 306 കേസുകൾ രജിസ്റ്റർ ചെയ്തതായും ജിഎസ്‍ടി വിഭാഗം അറിയിച്ചു.
2020-21 വർഷത്തിൽ 133 കേസുകളിലായി 87.37 കിലോ സ്വർണമാണ് പിടികൂടിയിരുന്നത്. ഈയിനത്തിൽ 8.98 കോടി രൂപ നികുതിയായി ഈടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വർഷം 14.62 കോടി രൂപ നികുതിയായി ഈടാക്കിയത്. നികുതി വെട്ടിപ്പ് തടയാൻ കടകളിലും വാഹനങ്ങളിലും പരിശോധന ഊർജിതമാക്കുമെന്നും സംസ്ഥാന ജിഎസ്‍ടി വിഭാഗം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam